ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി. തൊടുപുഴ അഡീഷണൽ ജില്ലാ കോടതി പ്രതിക്ക് ശിക്ഷവിധിച്ചിരിക്കുന്നത്. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് വാദം പൂർത്തിയായ കേസിൽ പ്രതിക്ക് വധ ശിക്ഷ വിധിച്ചത്.
2022 മാർച്ച് 18-നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ ദാരുണമായ കൂട്ടക്കൊല നടന്നത്. ചീനിക്കുഴി സ്വദേശിയായ അലിയാക്കുന്നേൽ ഹമീദ് സ്വന്തം മകനായ മുഹമ്മദ് ഫൈസൽ, ഫൈസലിന്റെ ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അനുസരിച്ച്, കുടുംബവഴക്കിനെ തുടർന്നാണ് ഹമീദ് ഈ ക്രൂരകൃത്യം ചെയ്തത്. വീട്ടിലെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയിട്ട ശേഷം, ഹമീദ് വീടിന് തീ കൊളുത്തുകയായിരുന്നു. വീട്ടിലെ വാട്ടർ ടാങ്കിലെ വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞ ശേഷമാണ് കൃത്യം നടത്തിയത്. ജനലിലൂടെ പെട്രോൾ നിറച്ച കുപ്പികൾ തീ കൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. തീ അതിവേഗം ആളിപ്പടർന്നതിനാൽ, ബഹളം കേട്ടെത്തിയ അയൽക്കാർക്ക് ആരെയും രക്ഷിക്കാൻ സാധിച്ചില്ല.
















