വിജയ് യേശുദാസും സ്റ്റീഫൻ ദേവസ്സിയും മലയാളികൾക്ക് മാത്രമല്ല, പാട്ടിനെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും സുപരിചിതരാണ്. ഇപ്പോഴിതാ ലിയോ പതിനാലാമൻ മാർപാപ്പക്ക് മുന്നിൽ മലയാളം ഗാനങ്ങൾ ആലപിച്ചിരിക്കുകയാണ് ഇരുവരും. ബുധനാഴ്ച വത്തിക്കാനിൽ നടന്ന പരിപാടിയിലാണ് ഇരുവർക്കും ഈ അവസരം കൈവന്നത്.
കത്തോലിക്കാ സഭക്ക് അക്രൈസ്തവ മതങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചരിത്രപരമായ വത്തിക്കാൻ പ്രഖ്യാപനമായ നോസ്ട്ര ഏറ്റേറ്റിന്റെ 60-ാം വാർഷികാഘോഷ വേളയിൽ ഇരുവരും ചേർന്ന് ദൈവസ്നേഹം വർണിച്ചിടാൻ എന്ന ഗാനം അവതരിപ്പിച്ചു. ചൊവ്വാഴ്ച വത്തിക്കാൻ സിറ്റിയിലെ പോൾ ആറാമൻ ഹാളിൽ നടന്ന പ്രകടനത്തിൽ, ശ്രീ നാരായണ ഗുരുവിന്റെ പ്രശസ്ത വരിയായ ജാതി ഭേദം മതദ്വേഷം എന്ന ഗാനത്തോടെയാണ് ഇരുവരും ആരംഭിച്ചത്.
സ്റ്റീഫന്‍റെ കീബോർഡ് വായനയും വിജയ് യേശുദാസിന്‍റെ ആലാപനവും പ്രേക്ഷകരെ ആകർഷിച്ചു. ലോകമെമ്പാടുമുള്ള സംഗീതജ്ഞരും കലാകാരന്മാരും പരിപാടിയിൽ പങ്കെടുത്തു. റൊമാനിയൻ ഗായിക യൂലിയ വാന്തൂർ, അമേരിക്കൻ ഗാനരചയിതാവ് പൂ ബെയർ എന്നിവരും പരിപാടിയിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. ഏകദേശം 50,000 പേർ പരിപാടിയിൽ പങ്കെടുത്തു.
‘വത്തിക്കാനിൽ ഒരു മലയാള ഗാനം. വിജയ് യേശുദാസ് അത് മനോഹരമാക്കി’ എന്ന് പരിപാടിക്ക് ശേഷം സ്റ്റീഫൻ സോഷ്യൽ മീഡിയയിൽ എഴുതി. പ്രകടനത്തിന്റെ വിഡിയോയും പങ്കുവെച്ചു. അനുഗ്രഹീത നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെ മാർപാപ്പയുടെ വിഡിയോകളും ചിത്രങ്ങളും സ്റ്റീഫൻ പങ്കുവെച്ചിട്ടുണ്ട്. സംഗീതരംഗത്തിന് നൽകുന്ന സംഭാവനക്ക് ഫ്രാൻസിലെ സോബോൺ സർവകലാശാല സ്റ്റീഫന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
















