പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘ഡീയസ് ഈറേ’ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നാണ് സിനിമയുടെ ആഗോള റിലീസെങ്കിലും ഇന്നലെ രാത്രി ചിത്രത്തിന്റെ പ്രത്യേക പ്രീമയര്‍ ഷോകള്‍ ഉണ്ടായിരുന്നു. മിസ്റ്ററി ഹൊറര്‍ ഗണത്തിലെത്തിയ ചിത്രത്തിന് എങ്ങും ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
പ്രണവ് മോഹൻലാലിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതിനുമുകളില്‍ നിന്നും ഒരു പ്രകടനം കൊണ്ടുവരിക എന്നതാണ് പ്രണവിന് മുന്നിലുള്ള വെല്ലുവിളിയെന്നും അഭിപ്രായങ്ങള്‍. രാഹുല്‍ സദാശിവന്‍ പതിവുപോലെ ചിത്രത്തിന്‍റെ മേക്കിങ് ഗംഭീരമാക്കി. തിരക്കഥ, മ്യൂസിക്, ഡയലോഗ്, അഭിനേതാക്കളുടെ പ്രകടനം എന്നിങ്ങനെ സകല മേഖലയിലും മികച്ചുനില്‍ക്കുന്നു ‘ഡീയസ് ഈറേ’ എന്നും പറയുന്നു പ്രേക്ഷകര്‍. ദുല്‍ബല ഹൃദയമുള്ളവര്‍ ചിത്രം കാണരുത്. ഭയാനകതയുടെ കൊടുമുടിയിലേക്കാണ് രാഹുല്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. പ്രവചനാതീതമായ കഥയാണ് ചിത്രത്തിലേതെന്നുമാണ് പുറത്തുവരുന്ന അഭിപ്രായങ്ങള്‍.
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ വലിയ പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ക്ക്. രാഹുലും ടീമും ആ പ്രതീക്ഷകള്‍ കാത്തു എന്ന് തന്നെയാണ് പുറത്തുവരുന്ന അഭിപ്രായങ്ങള്‍ ഉറപ്പിക്കുന്നത്. സിനിമയുടെ തിരക്കഥ നിർവഹിച്ചതും രാഹുൽ തന്നെയാണ്. സുഷ്മിത ഭട്ട്, ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
















