തൊണ്ണൂറുകളിൽ സിനിമയിൽ നിറഞ്ഞാടിയ നായിക നടിയാണ് മോഹിനി. മലയാളം , തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒട്ടുമിക്ക നടന്മാരുടെയും നായികയായി മോഹിനി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് മനസുതുറക്കുകയാണ് നടി. ‘ടൂറിങ് ടാക്കീസ്’ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് മലയാള സിനിമയെ കുറിച്ച് മോഹിനി വാചാലയായത്.
വീട്ടിലെന്നതുപോലെയാണ് മലയാള സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ തോന്നിയിട്ടുള്ളതെന്ന് നടി മോഹിനി. പല ഭാഷകളിൽ നായികയായിട്ടുണ്ടെങ്കിലും ഏറ്റവും സുഖം മലയാളസിനിമ ചെയ്തപ്പോഴാണെന്ന് അവർ പറഞ്ഞു. തന്റെ അമ്മയുടെ അമ്മ കോട്ടയംകാരിയാണ്. അതുകൊണ്ടുകൂടിയാണ് മലയാളത്തിൽ അഭിനയിക്കാൻ വരുമ്പോൾ സ്വന്തം വീട്ടിലെന്നപോലെ തോന്നുന്നത്. സെറ്റിൽ പുസ്തകം വായിച്ചിരിക്കാനാണ് ഇഷ്ടപ്പെട്ടത്. പക്ഷേ ആരും തനിക്ക് തലക്കനമുണ്ടെന്ന് അഭിപ്രായപ്പെട്ടില്ലെന്നും മോഹിനി പറഞ്ഞു.
കണ്മണി പോലുള്ള ചില തമിഴ് ചിത്രങ്ങൾക്കുവേണ്ടി ധരിച്ച വസ്ത്രങ്ങളിൽ താനൊട്ടും കംഫർട്ടബിൾ ആയിരുന്നില്ല. ക്യാമറയുമായി പ്രണയിക്കാനുള്ള നിങ്ങളുടെ കഴിവാണ് അഭിനയമെന്ന് മുൻപ് മാധുരി ദീക്ഷിത് പറഞ്ഞിട്ടുണ്ട്. അതുവളരെ ശരിയാണ്. തനിക്ക് കംഫർട്ടബിൾ അല്ലെങ്കിൽ ക്യാമറയെ പ്രണയിക്കാൻ സാധിക്കില്ല. മാത്രമല്ല തമിഴിൽ ഉണ്ടായിരുന്ന പോലെ ഗോസിപ്പ് ഇവിടെ ഉണ്ടാകുമെന്ന ഭയവും ഇല്ലായിരുന്നു. ആദ്യമൊന്നും മലയാളം അറിയില്ലായിരുന്നു. പിന്നീട് പഠിക്കേണ്ടിവന്നു. എന്നാൽ അതിനെയും പോസിറ്റീവ് ആയിട്ടാണ് കണ്ടതെന്ന് മോഹിനി ചൂണ്ടിക്കാട്ടി.
“സെറ്റിൽ പുസ്തകം വായിച്ചിരിക്കാനാണ് ഇഷ്ടപ്പെട്ടത്. പക്ഷേ ആരും എനിക്ക് തലക്കനമുണ്ടെന്ന് അഭിപ്രായപ്പെട്ടില്ല. ഈ കുട്ടിക്ക് വായിക്കാനും പഠിക്കാനും ഇഷ്ടമാണെന്നായിരുന്നു ഏവരും പറഞ്ഞത്. എന്നെ ഞാനായി സ്വീകരിച്ചതും അതിനനുസരിച്ചുള്ള വേഷങ്ങൾ തന്നതും മലയാളമാണ്. എന്റെ അമ്മയുടെ അമ്മ കോട്ടയംകാരിയാണ്. അതുകൊണ്ടുകൂടിയാണ് മലയാളത്തിൽ അഭിനയിക്കാൻ വരുമ്പോൾ സ്വന്തം വീട്ടിലെന്നപോലെ തോന്നുന്നത്.ദിലീപും മഞ്ജു വാര്യരും അടുത്ത സുഹൃത്തുക്കളാണ്. മമ്മൂട്ടിയെ ആദ്യം കണ്ടപ്പോൾ ഞാൻ ആദ്യം പറഞ്ഞത്, സാർ എന്റെ അമ്മ നിങ്ങളുടെ ആരാധികയാണെന്നാണ്. അതുപറഞ്ഞ് അദ്ദേഹം എന്നെ ഇപ്പോഴും കളിയാക്കും. ഞാനും തന്റെ അമ്മയും ഒരേ തലമുറയാണെന്നല്ലേ ഉദ്ദേശിച്ചത്. എന്റെ മകളുടെ ഭർത്താവ് നിന്റെ ഭർത്താവിന്റെ സുഹൃത്താണ്, തന്റെ കൂടെ ഞാൻ എങ്ങനെ ജോഡിയായി അഭിനയിക്കും എന്നൊക്കെ പറഞ്ഞ്.
മോഹൻലാലിനൊപ്പം ജോലി ചെയ്തപ്പോൾ ആണ് ശരിക്കും ടെൻഷനടിച്ചത്, കാരണം അദ്ദേഹം വളരെ പതുക്കെയേ സംസാരിക്കൂ, അപ്പോൾ എനിക്ക് മനസിലാകില്ല. അദ്ദേഹം സെറ്റിൽ അധികം ഒന്നും സംസാരിക്കില്ല, നമ്മളെ കണ്ടാൽ കുശലം പറയും. മലയാളം പഠിക്കണമെന്ന് എപ്പോഴും പറയും. പക്ഷേ വളരെ മികച്ച നടനാണ്, നമ്മളിങ്ങനെ അഭിനയിച്ചാലും പ്രേക്ഷകരുടെ ശ്രദ്ധ ഒപ്പമുള്ള അദ്ദേഹം കൊണ്ടുപോകും.” മോഹിനി കൂട്ടിച്ചേർത്തു.
















