സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കുമ്പോൾ ആരാകും മികച്ച നടീനടന്‍മാരെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയും ആസിഫ് അലിയും വിജയരാഘവനും അവസാന റൗണ്ടിലെത്തിയിരിക്കുന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായുള്ള തകര്‍പ്പൻ പ്രകടനത്തിലൂടെ മമ്മൂട്ടി സംസ്ഥാനം പുരസ്കാരം സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, ലെവൽക്രോസ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ആസിഫ് അലിയെ ഫൈനൽ റൗണ്ടിലേക്ക് എത്തിച്ചത്. കിഷ്കിന്ധാകാണ്ഡത്തിലെ അഭിനയത്തിലൂടെ വിജയരാഘവനും പട്ടികയിലുണ്ട്.
മികച്ച നടിമാര്‍ക്കു വേണ്ടിയുള്ള മത്സരത്തിൽ കനി കുസൃതിയും ദിവ്യപ്രഭയും ഫൈനൽ റൗണ്ടിലെത്തി. മികച്ച സംവിധായകനുള്ള ഫൈനൽ റൗണ്ടിൽ ഏഴുപേരാണ്. നവാഗത സംവിധായകനുള്ള മത്സരത്തിൽ മോഹൻലാലുമുണ്ട്. ചലച്ചിത്രമേളകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഫെമിനിച്ചി ഫാത്തിമ എന്നീ ചിത്രങ്ങളും മികച്ച ചിത്രമാകാനുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഉണ്ട്. ഈ ചിത്രങ്ങളില്‍ വേഷമിട്ട കനി കുസൃതിയും ദിവ്യപ്രഭയുമാണ് മികച്ച നടിമാരാകാൻ മത്സരിക്കുന്നത്. നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 36 സിനിമകളാണ് ഇക്കുറി അവസാന റൗണ്ടിലെത്തിയത്.
നവാഗത സംവിധായകനാകാൻ മത്സരിക്കുന്നത് മോഹൻലാലും ജോജു ജോര്‍ജുമാണ്. ബറോസ് ഗാഡിയന്‍ ഓഫ് ട്രഷേഴ്സ് എന്ന ത്രിഡി ചിത്രം ഒരുക്കിയതിനാണ് ലാലിനെ പരിഗണിക്കുന്നത്. പണി എന്ന ചിത്രമാണ് ജോജുവിനെ അവസാന റൗണ്ടിലേക്ക് എത്തിച്ചത്. മഞ്ഞുമ്മൽ ബോയ്സ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത്.
















