പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ യൂട്യൂബ് ചാനലാണ് ‘കരിക്ക്’. പുതുമ നിറഞ്ഞ കണ്ടന്റും കിടിലൻ അഭിനയവും കാഴ്ചവെച്ച കരിക്ക് ടീം ചുരുങ്ങിയ കാലം കൊണ്ട് തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ സ്ഥാനം പിടിച്ചു. എന്നാൽ ഇപ്പോൾ കരിക്ക് വീഡിയോസ് ഇടുന്നില്ല. കരിക്ക് എവിടെപ്പോയെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ‘കരിക്ക്’ തങ്ങളുടെ ആദ്യ സിനിമയുമായി എത്തുകയാണ്.
View this post on Instagram
തിയേറ്ററിലേക്കും ഒടിടിയിലേക്കുമായുള്ള സിനിമ- വെബ് സീരീസ് നിർമാണത്തിലേക്ക് കടക്കുകയാണ് എന്നുള്ള കരിക്കിന്റെ പ്രഖ്യാപനം പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. വെബ് സീരീസിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ അനു കെ അനിയൻ, ശബരീഷ്, കൃഷ്ണചന്ദ്രൻ, ജീവൻ, ആനന്ദ് മാത്യൂസ്, ഉണ്ണി മാത്യൂസ്, കിരൺ വിയ്യത്ത്, ബിനോയ്, അർജുൻ രത്തൻ തുടങ്ങീ താരങ്ങളെല്ലാം തന്നെ പുതിയ സിനിമയിലും അണിനിരക്കും എന്നാണ് റിപ്പോർട്ടുകൾ.
കരിക്കിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് എത്തുമെന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. ഡോ. അനന്തു എന്റർടൈൻമെന്റ് ആണ് പുതിയ സിനിമയുടെ സഹ നിർമ്മാതാക്കൾ. ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം അതിരടി എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവ് കൂടിയാണ് ഡോ. അനന്തു എന്റർടൈൻമെന്റ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നു.
“തിയേറ്ററുകളിലേക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുമായി സിനിമകളും വെബ് സീരീസുകളും നിർമിക്കുന്നതിനായി ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന ഇടം ആരംഭിക്കുന്നതായി സന്തോഷപൂർവം അറിയിക്കുന്നു. വർഷങ്ങളായി നിങ്ങൾ ഞങ്ങളോട് കാണിച്ച അവിശ്വസനീയമായ സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഈ സ്വപ്നം സാധ്യമാകുമായിരുന്നില്ല. ചലച്ചിത്രനിർമ്മാണത്തിലേക്ക് നടത്തുന്ന ഈ ആവേശകരമായ കുതിപ്പില്‍, നിങ്ങളുടെ തുടർന്നുള്ള പ്രോത്സാഹനവും അനുഗ്രഹങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” എന്നായിരുന്നു കഴിഞ്ഞ ദിവസം കരിക്ക് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പ്.
















