അപടങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്ന കാര്യത്തിൽ വ്യത്യസ്തത കൊണ്ടുവരുന്നവരാണ് കേരളാ പോലീസിന്റെ സാമൂഹികമാധ്യമ വിഭാഗം. പൊതുജനങ്ങൾക്ക് മനസിലാകുന്ന രീതിയിലുള്ള പോസ്റ്റ് ആയിരിക്കും അവർ പങ്കുവെക്കുക. ഇപ്പോഴിതാ ഹൈല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹന യാത്രനടത്തുന്നതിനെതിരേ ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരിക്കെ ചിത്രങ്ങളില്‍നിന്നുള്ള വിവിധ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രചാരണം. ഹെല്‍മറ്റ് ധരിച്ചും അതില്ലാതെയും താരങ്ങള്‍ സിനിമകളില്‍ ഇരുചക്രവാഹനം ഓടിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ചോദ്യവുമായാണ് കേരളാ പോലീസിന്റെ പോസ്റ്റ്.
‘തുടരും’ സിനിമയില്‍ മോഹന്‍ലാലും ‘സര്‍ക്കീട്ടി’ല്‍ ആസിഫ് ആലിയും ‘ഒരു കുട്ടനാടന്‍ വ്‌ളോഗി’ല്‍ മമ്മൂട്ടിയും ഇരുചക്രവാഹനം ഓടിക്കുന്ന ചിത്രങ്ങളാണ് കേരളാ പോലീസിന്റെ പോസ്റ്റിലുള്ളത്. ഇതില്‍ മമ്മൂട്ടി മാത്രമാണ് ഹെല്‍മറ്റ് ധരിച്ചിരിക്കുന്നത്. ഇവരില്‍ ബെസ്റ്റ് റൈഡര്‍ ആരായിരിക്കും എന്നാണ് കേരളാ പോലീസിന്റെ ചോദ്യം.
ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്ന മമ്മൂട്ടിയാണ് ബെസ്റ്റ് റൈഡര്‍ എന്ന് പോസ്റ്റിന് താഴെ കമന്റുകള്‍ നിറഞ്ഞു. അതേസമയം, ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ചലച്ചിത്ര അവാര്‍ഡിന്റെ സൂചനയാണോ കേരളാ പോലീസിന്റെ പോസ്റ്റ് എന്ന ചോദ്യവുമായി ആരാധകരുമെത്തി. ‘നാളത്തേക്ക് ഒരു വലിയ സിഗ്നല്‍ തന്നിട്ടുണ്ട്, അവാര്‍ഡ് ഇക്കയ്ക്കാണെന്ന് സൈക്കോളജിക്കല്‍ മൂവ് നടത്തുന്ന കേരളാ പോലീസ്, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആണോ’, എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകള്‍.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായുള്ള മത്സരത്തില്‍ അവസാനറൗണ്ടില്‍ മമ്മൂട്ടിയും ആസിഫ് അലിയും വിജയരാഘവനും ടൊവിനോയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാലും പട്ടികയിലുണ്ട്. 36 സിനിമകള്‍ അവസാന റൗണ്ടിലെത്തി.
















