ജർമൻ വ്ലോഗറായ അലക്‌സാണ്ടർ വെൽഡറുടെ കേരള ബസ് യാത്രയെക്കുറിച്ചുള്ള വീഡിയോ ലോകമെമ്പാടുമുള്ള മലയാളികളെ നാണക്കേടിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ കുറ്റപ്പെടുത്താത്ത ഒരു വീഡിയോയുടെ പേരിൽ പോലും കമന്റ് ബോക്‌സിൽ ക്ഷമാപണം നടത്താൻ മലയാളികൾ നിർബന്ധിതരായെന്നതാണ് ഈ വിഷയത്തിലെ വിരോധാഭാസം. ‘കേരളത്തിലെ കുഴപ്പം നിറഞ്ഞ ബസ് യാത്ര’ എന്ന തലക്കെട്ടിൽ അലക്‌സ് പങ്കുവെച്ച വീഡിയോ, താൻ ബുക്ക് ചെയ്ത ബസിനായുള്ള തിരച്ചിലിൽ ഒരു വിദേശി നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്നുകാട്ടുന്നു.
ഇന്ത്യയിലെ സാധാരണ ബസ് യാത്രയെക്കുറിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. മൂന്നാറിലേക്കുള്ള ബസ് തേടിയാണ് വ്ലോഗറുടെ യാത്ര. ചങ്ങനാശ്ശേരിയിലെ ഒരു ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ, അതിന്റെ ഒരു മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം കാഴ്ചക്കാരെ ഞെട്ടിച്ചു. ഒരു വിദേശിക്ക് മുന്നിൽ കേരളത്തിൻ്റെ യഥാർത്ഥ ചിത്രം കണ്ടതാണ് ലോകമെങ്ങുമുള്ള മലയാളികളെ രോഷാകുലരാക്കിയതും ക്ഷമാപണം നടത്താൻ പ്രേരിപ്പിച്ചതും.
കൃത്യമായ സൂചനകളില്ലാത്ത ഈ ബസ് സ്റ്റോപ്പ് ശരിയായ സ്ഥലമല്ലെന്ന് തോന്നിയതിനാൽ അലക്സ് പിന്നീട് ബസ് സ്റ്റാൻഡിലേക്ക് പോകുന്നു. മൂന്നാറിലേക്ക് ബുക്ക് ചെയ്ത ബസിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ‘ഇല്ല’ എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന്, ശരിയായ പിക്കപ്പ് ലൊക്കേഷനായി അദ്ദേഹം തിരക്കിട്ട് നടന്നു. റെഡ് ബസ് ഓൺലൈൻ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിലും കൃത്യമായ ഒരു പിക്കപ്പ് ലൊക്കേഷൻ ലഭ്യമല്ലായിരുന്നു. കൂടാതെ, ടിക്കറ്റിൽ നൽകിയിരുന്ന കോൺടാക്റ്റ് നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് പ്രവർത്തനരഹിതമായിരുന്നു.
എങ്കിലും, വീഡിയോയുടെ അവസാന ഭാഗം ആശ്വാസകരമായിരുന്നു. നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ ഒരു നാട്ടുകാരൻ അലക്സിനെ കൃത്യമായ ബസ് സ്റ്റോപ്പിൽ എത്തിക്കുകയും അദ്ദേഹം മൂന്നാറിലേക്കുള്ള ബസിൽ കയറുകയും ചെയ്തു. യാത്രയ്ക്കിടയിൽ, കേരളത്തിലെ ആളുകൾ വളരെ സൗഹൃദപരവും സഹായമനസ്കരുമാണെന്ന് അലക്സ് വ്യക്തമാക്കുന്നുണ്ട്. ബസുകളിലെ പേരുകൾ മലയാളത്തിൽ മാത്രം എഴുതിയിരിക്കുന്നത് വിദേശികൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അലക്‌സിൻ്റെ യാത്രാദുരിതം കണ്ടതോടെ മലയാളികൾ സോഷ്യൽ മീഡിയയിൽ രൂക്ഷമായാണ് പ്രതികരിച്ചത്. ചങ്ങനാശ്ശേരി നഗരസഭയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി കമൻ്റുകളാണ് നിറഞ്ഞത്. ‘മാലിന്യം ഇട്ടത് ലോകം മൊത്തം കണ്ടല്ലോ’, ‘ഗോഡ്‌സ് ഓൺ കൺട്രിയും സാക്ഷരതയുമൊക്കെ വേറെ ഒരു കണ്ണിൽ നിന്ന് നോക്കുമ്പോഴാണ് ശരിക്കും മനസ്സിലാവുന്നത്’ തുടങ്ങിയ പ്രതികരണങ്ങൾ ഈ വിഷയത്തിൽ മലയാളികൾക്കുണ്ടായ നാണക്കേട് വ്യക്തമാക്കുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, കേരള ടൂറിസം, റെഡ് ബസ് കേരള എന്നിവരെ ടാഗ് ചെയ്താണ് മിക്ക കമൻ്റുകളും പ്രചരിക്കുന്നത്. അതേസമയം, യാത്രയിൽ സഹായഹസ്തം നീട്ടിയവരെ അഭിനന്ദിക്കാനും മലയാളികൾ മടിച്ചില്ല. കൂടാതെ, ബുദ്ധിമുട്ട് നേരിട്ടതിന് നിരവധി പേർ വ്ലോഗറോട് ക്ഷമാപണം നടത്തുകയും കെഎസ്ആർടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു
















