വൻകിട കോഫി കമ്പനികൾ തങ്ങളുടെ വിതരണക്കാരിൽ നിന്ന് തൊഴിലാളികളെ ചൂഷണം ചെയ്യുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ഇടങ്ങളിൽ നിന്നാണ് കാപ്പിക്കുരുക്കൾ സംഭരിക്കുന്നതെന്ന് ആരോപിച്ച് നിരവധി എൻജിഒകൾ ജർമ്മനിയിൽ നിയമപരമായ പരാതി നൽകി. നെസ്‌ലെ, സ്റ്റാർബക്സ്, ഡാൾമേയർ, ന്യൂമാൻ കാപ്പി ഗ്രൂപ്പ് (എൻകെജി) എന്നീ കമ്പനികൾ ജർമ്മനിയുടെ സപ്ലൈ ചെയിൻ ആക്റ്റ് (വിവരണ ശൃംഖലാ നിയമം) ലംഘിച്ചതായിട്ടാണ് പരാതിയിൽ പറയുന്നത്. ആഗോള വിതരണ ശൃംഖലയിലുടനീളം മനുഷ്യാവകാശ, പാരിസ്ഥിതിക പ്രശ്നങ്ങൾ കമ്പനികൾ നിരീക്ഷിക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നു.
നിയമപരമായ പരാതിക്ക് പിന്നിൽ പ്രവർത്തിച്ച ‘കോഫി വാച്ച്’ എന്ന അഭിഭാഷക സംഘടനയുടെ ഡയറക്ടർ എറ്റെല്ലെ ഹിഗോണെറ്റ് ഒരു പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു: “നെസ്‌ലെ, സ്റ്റാർബക്സ്, ന്യൂമാൻ കാപ്പി ഗ്രൂപ്പ് തുടങ്ങിയ കമ്പനികൾക്ക് കാപ്പി നൽകുന്ന തോട്ടങ്ങളിൽ കുട്ടികൾ പണിയെടുക്കുന്നു, ആളുകൾ പീഡിപ്പിക്കപ്പെടുന്നു, അവകാശങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു.” ചൈന, മെക്സിക്കോ, ബ്രസീൽ, ഉഗാണ്ട എന്നിവിടങ്ങളിലെ കാപ്പി വിതരണക്കാരിൽ മനുഷ്യാവകാശ ലംഘനങ്ങളും തൊഴിലാളി പ്രശ്നങ്ങളും കണ്ടെത്തിയ എൻജിഒകളുടെ മുൻ റിപ്പോർട്ടുകൾ ഈ സംഘം പരാതിയിൽ ചൂണ്ടിക്കാട്ടി.
‘കോഫി വാച്ച്’ റിപ്പോർട്ടുകളിൽ “ചൈന, മെക്സിക്കോ, ബ്രസീൽ, ഉഗാണ്ട എന്നിവിടങ്ങളിലെ കാപ്പിത്തോട്ടങ്ങളിലെ ഗുരുതരമായ ലംഘനങ്ങൾ, അതായത് ബാലവേല, നിർബന്ധിത ജോലി, തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങളുടെ വൻതോതിലുള്ള ലംഘനങ്ങൾ, വേതന ചൂഷണം” എന്നിവയെക്കുറിച്ച് സൂചിപ്പിക്കുന്നു. “പ്രശ്നങ്ങൾ ഗുരുതരവും വ്യവസ്ഥാപരവും വ്യാപകവുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഹിഗോണെറ്റ് കൂട്ടിച്ചേർത്തു.
അതേസമയം, പരാതിയിലെ “അടിസ്ഥാനമില്ലാത്ത” ആരോപണങ്ങൾ നിഷേധിക്കുന്നതായി സ്റ്റാർബക്സ് ജർമ്മൻ മാഗസിനായ ‘സ്പീഗലി’നോട് പ്രതികരിച്ചു. തങ്ങൾക്ക് “ശക്തമായ മനുഷ്യാവകാശ ഡ്യൂ ഡിലിജൻസ് പ്രക്രിയകൾ” ഉണ്ടെന്ന് നെസ്‌ലെ എഎഫ്‌പിയോട് പ്രസ്താവനയിൽ അറിയിച്ചു. ജർമ്മനിയുടെ വിതരണ ശൃംഖലാ നിയമം 2023-ൽ പ്രാബല്യത്തിൽ വന്നതുമുതൽ വിവാദങ്ങൾ പിന്തുടരുന്നുണ്ട്. വിദേശത്ത് നടക്കുന്ന തൊഴിൽ, പാരിസ്ഥിതിക ചൂഷണങ്ങളിൽ നിന്ന് ജർമ്മൻ സ്ഥാപനങ്ങൾക്ക് ലാഭം നേടുന്നത് തടയാനുള്ള സുപ്രധാന നടപടിയാണ് ഇതെന്നാണ് നിയമത്തിന്റെ പിന്തുണക്കാർ വാദിക്കുന്നത്. എന്നാൽ, ഇത് ബിസിനസ്സുകൾക്ക് അമിതവും അന്യായവുമായ ഭാരം അടിച്ചേൽപ്പിക്കുന്നുവെന്നാണ് ചില വ്യവസായ ഗ്രൂപ്പുകളുടെ നിലപാട്.
















