‘തുടക്കം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന വിസ്മയ മോഹൻലാലിന് ആശംസകൾ നേർന്ന് സംവിധായകൻ പ്രിയദർശൻ. വിസ്മയയും കല്യാണിയും സിനിമയിലേക്ക് ചുവടുവയ്ക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കല്യാണിക്ക് ‘ലോക’ ലഭിച്ചതുപോലെ, ‘മായയുടെ ‘തുടക്കം’ മനോഹരമായ ഒരു തുടക്കമാകട്ടെ എന്നും പ്രിയദർശൻ കുറിച്ചു.
പ്രിയദർശൻ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം – ‘‘ഈ രണ്ട് കുട്ടികളെയും എന്റെ കൈകളിൽ കൊണ്ടുനടന്നതാണ് ഞാൻ. ഒരു കയ്യിൽ കല്യാണിയും മറുകയ്യിൽ മായയും… അങ്ങനെയാണ് ഞങ്ങൾ ഒരു കുടുംബമായി വളർന്നത്. ലാൽ പറഞ്ഞതുപോലെ, ഇവർ രണ്ട് പേരും സിനിമയിലേക്ക് ചുവടുവയ്ക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. കല്യാണിക്ക് ‘ലോക’ ലഭിച്ചതുപോലെ, ‘മായയുടെ ‘തുടക്കം’ മനോഹരമായ ഒരു തുടക്കമാകട്ടെ. മായയെ ദൈവം അനുഗ്രഹിക്കട്ടെ.’’
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹൻലാൽ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞിരുന്നു. ‘തുടക്കം’ ഒരു സാധാരണ കുടുംബ ചിത്രമായിരിക്കുമെന്ന് ജൂഡ് ആന്തണി പൂജ ചടങ്ങിൽ പറഞ്ഞു. ചിത്രത്തിൽ മോഹൻലാലിന്റെ അതിഥി വേഷം പ്രതീക്ഷിക്കാമെന്നും ജൂഡ് പറഞ്ഞു. ആശിർവാദ് സിനിമാസാണ് ചിത്രം നിർമിക്കുന്നത്.
















