മലയാള സിനിമയിൽ റെസ്‌ലിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ചത്ത പച്ച: റിങ് ഓഫ് റൗഡീസ്’ എന്ന പാൻ ഇന്ത്യൻ ആക്‌ഷൻ കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ ടീസർ എത്തി. മോഹൻലാലിന്റെ അനന്തരവനും, ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ തുടങ്ങിയ പ്രമുഖർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ച പരിചയവുമുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഗുസ്തി വിനോദത്തിന്റെ ആവേശവും മലയാള സിനിമയുടെ മികച്ച കഥപറച്ചിൽ ശൈലിയും സമന്വയിപ്പിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിൽ അർജുൻ അശോകൻ ആണ് നായകൻ.
ഒപ്പം റോഷൻ മാത്യു, ഇഷാൻ ഷൗക്കത് (മാർക്കോയിലെ വിക്ടർ), വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്‌ലിങ് ക്ലബ്ബും അവിടത്തെ കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന വിഷയം. ഈ മാസം ചിത്രത്തിനായി ഒരു ഓപ്പൺ കാസ്റ്റിങ് കോളും ഒരുക്കുന്നുണ്ട്.
റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ‘ചത്ത പച്ച: റിങ് ഓഫ് റൗഡീസ്’ നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് ഈ നിർമ്മാണക്കമ്പനി രൂപീകരിച്ചിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും നിർമ്മാണ പ്രക്രിയയിൽ പങ്കുചേരുന്നുണ്ട്. 2022ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ‘ഡെഡ്‌ലൈൻ’ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം, ഷിഹാൻ ഷൗക്കത്താണ് ഈ വലിയ പ്രോജക്ടിന് നേതൃത്വം നൽകുന്നത്.
സംഗീതത്തിലും ഈ ചിത്രം വലിയ പ്രത്യേകത കൊണ്ടുവരുന്നുണ്ട്. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ എഹ്‌സാൻ ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്. വിനായക് ശശികുമാറാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ, ആക്‌ഷൻ കലൈ കിങ്‌സൺ, എഡിറ്റിങ് പ്രവീൺ പ്രഭാകർ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മെൽവി എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ.
















