ആഭ്യന്തര കലാപത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിനുപേർ സുഡാനിൽ കൂട്ടക്കൊലക്ക് വിദേയരായി. സമൂഹ മാധ്യമങ്ങളിലൂടെ റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) നിരവധിയാളുകളെ നിരത്തി നിർത്തി കൂട്ടക്കൊല ചെയുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭ രാജ്യത്ത് അതീവഗുരുതര സാഹചര്യമാണെന്ന് അറിയിച്ചു.
സുഡാൻ സൈന്യവും വിമത സേനയായ റാപിഡ് സപ്പോർട്ട് ഫോഴ്സുമായാണ് ഏറ്റുമുട്ടൽ. ഒരു വർഷത്തിൽ മുകളിൽ ആയി ഇരുവരും തമ്മിൽ ഉള്ള യുദ്ധം നടക്കുന്നത്. എന്നാൽ എൽ ഷാഫിർ നഗരം ദിവസങ്ങൾക്കു മുൻപ് വിമതർ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെയും തങ്ങളെ എതിർക്കുന്നവരെയുമാണ് ആർഎസ്എഫ് അതിക്രൂരമായി കൊല ചെയ്യുന്നത്. ഈ രണ്ട് ദിവസം കൊണ്ട് രണ്ടായിരം പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്ത് 90 ശതമാനവും സുഡാനി അറബ് വംശജരാണ്. 5% ക്രിസ്ത്യാനികളും 5% പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്. രണ്ട് ദിവസം കൊണ്ട് കൂട്ടക്കൊല നടക്കുന്നുണ്ടെക്കിലും രാജ്യാന്തര തലത്തിൽ വലിയ ഇടപെടലുകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. സുഡാൻ പട്ടാള ഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാന് പൂർണ പിന്തുണ നൽകുകയാണ് സൈന്യം. ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയെ അനുകൂലിക്കുന്നവരാണ് ആർഎസ്എഫ്. 2019ൽ, സുഡാന്റെ ഏകാധിപതി ഒമർ അൽ ബഷീറിനെ പുറത്താക്കിയതു മുതലാണ് ഇരു സേനകളും തമ്മിൽ അധികാര വടംവലി തുടങ്ങിയത്.സംഘർഷത്തിൽ ഇതുവരെ ഒന്നരലക്ഷത്തോളംപേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 1.20 കോടിയോളം പേർക്ക് വീടുകളും നഷ്ടമായി.
















