തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയില്‍ സിനിമാ നടന്മാരായ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു. വൈകിട്ട് നടക്കുന്ന പരിപാടിയില്‍ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി.
അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതിദരിദ്രര്‍ക്കു സുരക്ഷിത വാസസ്ഥലം ഒരുക്കാന്‍ അനുവദിച്ച 52.80 കോടിയില്‍നിന്നാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഒക്‌ടോബര്‍ 26ന് തദ്ദേശവകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ വാസസ്ഥലത്തിനുള്ള ഫണ്ട് 51.30 കോടിയായി കുറയും. തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ആവശ്യപ്പെട്ട പ്രകാരം 25ന് ചേര്‍ന്ന സ്‌പെഷല്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതില്‍ തീരുമാനമായത്.
രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നടത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 4നാണ് പ്രഖ്യാപനം. 2021ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ തുടക്കത്തിൽ തന്നെ കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 3 ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്.
















