ആരാധകർ ഏറെയുള്ള ബോളിവുഡ് താരമാണ് വിദ്യാ ബാലന്‍. ഹിന്ദി സിനിമകളിലാണ് കൂടുതല്‍ അഭിനയിച്ചതെങ്കിലും മലയാളികള്‍ക്കും വിദ്യ സുപരിചിതയാണ്. ഇപ്പോഴിതാ താരം തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ്. വിവാഹം കഴിക്കുന്നില്ല എന്നു തീരുമാനിച്ചതാണെന്നും അതിൽ മാറ്റം വന്നത് സിദ്ധാര്‍ഥിനെ കണ്ടുമുട്ടിയതോടെയാണെന്നും നടി പറഞ്ഞു.
‘കല്യാണം കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും എന്നാണ് ഞാന്‍ കരുതിയിരുന്നത്. അവളെ പിന്നെ ഒന്നും ചെയ്യാന്‍ അനുവദിക്കില്ല എന്നും. കാരണം അന്ന് അങ്ങനെയാണല്ലോ. എന്റെ അമ്മയുടെ തലമുറയിലുള്ളവര്‍ മാത്രമല്ല എന്റെ ചുറ്റിലും പല സ്ത്രീകളേയും കാണാമായിരുന്നു. കല്യാണത്തിന് ശേഷം സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിച്ചിരുന്ന പലതും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതുകാരണം കല്യാണം കഴിക്കേണ്ട എന്ന തീരുമാനത്തിലെത്തി.’ വിദ്യ പറഞ്ഞു.
‘സുഹൃത്തുക്കള്‍ കല്യാണത്തെക്കുറിച്ചും ഹണിമൂണിനെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഞാന്‍ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നില്ല. അവര്‍ പറയുന്നത് ശ്രദ്ധിക്കുക മാത്രമാണ് ചെയ്യുക. എനിക്ക് അത്തരം സംസാരങ്ങളില്‍ താല്‍പര്യം ഇല്ലായിരുന്നു.
മാതാപിതാക്കളാണ് ജന്മം നല്‍കിയതെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളാണ് നമ്മെ രൂപപ്പെടുത്തുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവര്‍ നമ്മെ സ്വാധീനിക്കും. പ്രത്യേകിച്ച് നമ്മുടെ ജീവിതപങ്കാളി. ഇത് എനിക്കിന്ന് മനസ്സിലാക്കാന്‍ കഴിയും.’ വിദ്യ കൂട്ടിച്ചേര്‍ത്തു.
















