മലയാള ചലച്ചിത്രരംഗത്തെ ഏറെ തിരക്കേറിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയുടെ ചലച്ചിത്ര ജീവിതം മികവാര്‍ന്ന വഴിയിലൂടെ തുടരുന്നു. സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ‘കല്യാണമരം’ ഷാജിയുടെ നൂറ്റി എട്ടാമത്തെ സിനിമയാണ്. അദ്ദേഹത്തോടൊപ്പം ഞാന്‍ പി ആര്‍ ഒ ആയി വര്‍ക്ക് ചെയ്യുന്ന പതിനൊന്നാമത്തെ സിനിമയാണ് കല്യാണമരം.
കാല്‍നൂറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നതിനിടെ ഞാന്‍ ചലച്ചിത്ര പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു.ആ യാത്രയ്ക്കിടയിലാണ് ഷാജി പട്ടിക്കര എന്നെ സിനിമയിലെ പി ആര്‍ ഒ മേഖലയിലേക്ക് ക്ഷണിക്കുന്നത്. സിനിമ ഒരു വിസ്മയകലയാണെങ്കിലും ഒരിക്കലും സിനിമ എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. പക്ഷേ സിനിമയിലെ പി ആര്‍ ഓ ജോലി ഒരു ജീവിതോപാധിയും തൊഴിലുമായി കാണാന്‍ എന്നെ പഠിപ്പിച്ചത് ഷാജിയായിരുന്നു. പിന്നീട് കൈനിറയെ സിനിമകള്‍ ചെയ്യാന്‍ എനിക്ക് കഴിഞ്ഞു. മലയാളത്തിലും തമിഴിലും മറാത്തിയിലും, ഇംഗ്ലീഷിലും ഏതാണ്ട് ഇരുന്നൂറോളം സിനിമകള്‍ ചെയ്യാന്‍ എനിക്ക് കഴിഞ്ഞു.ദേശീയ അവാര്‍ഡ് ജേതാക്കളായ പ്രമുഖ സംവിധായകരായ ടി വി ചന്ദ്രന്‍, പ്രിയനന്ദനന്‍, മനോജ് കാന, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരുടെ സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു.
കേരളം പ്രളയത്തില്‍ മുങ്ങി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ടി വി ചന്ദ്രന്‍റെ ‘പെങ്ങളില’എന്ന സിനിമയിലേക്ക് എന്നെ ഷാജി വിളിക്കുന്നത്. പിന്നീട് പ്രിയനന്ദനന്‍റെ ‘സൈലന്‍സര്‍’ എന്ന സിനിമയിലും എനിക്ക് പി ആര്‍ ഒ ആയി വര്‍ക്ക് ചെയ്യാനുള്ള അവസരം തന്നു. പ്രിയപ്പെട്ട സംവിധായകരായ പി കെ ബാബുരാജിന്‍റെ കളിക്കൂട്ടുകാര്‍, ഷാനുസമദിന്‍റെ മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള, പ്രദീപ് നാരായണന്‍റെ കല്‍ക്കണ്ടം, ജയേഷ് മൈനാഗപ്പള്ളിയുടെ പച്ചമാങ്ങ, അനുറാമിന്‍റെ കള്ളം, മറുവശം, ഹരിദാസിന്‍റെ പെര്‍ഫ്യൂം തുടങ്ങി ഇപ്പോള്‍ രാജേഷ് അമനകരയുടെ കല്യാണമരം എന്ന പതിനൊന്നാമത്തെ ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നു. മാന്യമായ വലിയ പ്രതിഫലമാണ് ഷാജി പട്ടിക്കര എല്ലാ ചിത്രങ്ങള്‍ക്കും എനിക്ക് നല്കിയിട്ടുള്ളത്. ഇതിനിടെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്കയുടെ പി ആര്‍ ഒ യൂണിയനില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാകാനും ചലച്ചിത്ര പ്രവര്‍ത്തകരുടെ സാംസ്ക്കാരിക സംഘടനയായ മാക്ടയുടെ ആക്റ്റീവ് മെമ്പറാകാനും കഴിഞ്ഞു.അതിന് ഷാജിയുടെ ശാസന എനിക്ക് സഹായകമായിട്ടുണ്ട്.
‘മാധ്യമ മിത്ര’ പുരസ്ക്കാരമടക്കം ഒട്ടേറെ അംഗീകാരങ്ങളും അനുമോദനങ്ങളും എന്നെ തേടിവന്നു. ലോക റെക്കോഡ് ജേതാവായ പ്രിയപ്പെട്ട ജോയി കെ മാത്യുവിനോടൊപ്പം ഓസ്ട്രേലിയന്‍ ചലച്ചിത്രരംഗത്ത് പി ആര്‍ ഒ വര്‍ക്കുകള്‍ ചെയ്യാന്‍ കഴിഞ്ഞു. ഇതിനെല്ലാം എനിക്ക് വഴി തുറന്നുതന്നത് സഹോദരതുല്യനായ ഷാജി പട്ടിക്കരയാണ്. മലയാള സിനിമയുടെ ചരിത്രത്തിന്‍റെ ഒപ്പം നടക്കുന്ന ഒരു എഴുത്തുകാരന്‍ കൂടിയാണ് ഷാജി പട്ടിക്കര. സിനിമയുടെ ഏത് കാര്യവും ആര്‍ക്കും എപ്പോള്‍ വേണ്ടമെങ്കിലും ചോദിക്കാവുന്നതാണ്. ഞൊടിയിടയില്‍ അതിനുള്ള ഉത്തരം ഷാജി നല്‍കിയിരിക്കും. മാധ്യമ പ്രവര്‍ത്തകര്‍ സിനിമ വിശേഷങ്ങള്‍ അറിയാന്‍ പലപ്പോഴും ആശ്രയിക്കുന്നത് ഷാജി പട്ടിക്കരയെയാണ്. സിനിമാലോകം സ്വാര്‍ത്ഥതയും മത്സരവും നിറഞ്ഞതായിരിക്കെ ഷാജിയെപ്പോലുള്ളവര്‍ പ്രതീക്ഷയാണ്. പുതുതായി കടന്നുവരുന്നവരെ കൈപിടിച്ചുടര്‍ത്തുന്നവര്‍ കുറഞ്ഞുവരുന്ന കാലത്ത് ഷാജി പട്ടിക്കരയെപ്പോലുള്ളവര്‍ സിനിമയ്ക്ക് മാത്രമല്ല സമൂഹത്തിനും പ്രകാശം പരത്തുകയാണ്.
















