ഓഫീസിൽ നിന്ന് ആവശ്യമുള്ള കാര്യത്തിനും അത്ര അത്യാവശ്യം അല്ലാത്ത കാര്യത്തിനുമൊക്കെ നാം അവധി ചോദിക്കാറുണ്ട് അല്ലേ? പലരും നിസാര കാര്യങ്ങൾക്ക് എങ്ങനെ അവധി ചോദിക്കും എന്നുകരുതി മരിച്ചു പോയ ആരെയെങ്കിലും ഒന്നുകൂടി കൊല്ലുകയോ, അല്ലെങ്കിൽ രോഗമോ, ഒഴിവാക്കാനാവാത്ത പരിപാടികളോ, കുടുംബപരമായ പരിപാടികളോ ഒക്കെ ഉണ്ടെന്ന് പറഞ്ഞാവും മേലധികാരികളോട് അവധി ചോദിക്കുക. എന്നാൽ വളരെ സത്യസന്ധമായി ഉള്ള കാര്യം അതേപോലെ തന്നെ പറഞ്ഞുകൊണ്ട് അവധിക്ക് അപേക്ഷിച്ച തന്റെ കമ്പനിയിലെ ജെൻ സി ജീവനക്കാരന്റെ അവധിക്കുള്ള അപേക്ഷ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് സാക്ഷാൽ കമ്പനി സിഇഒ. പോസ്റ്റ് വളരെ പെട്ടന്ന് തന്നെ സൈബറിടത്ത് ചർച്ചയാവുകയും വൈറലാവുകയും ചെയ്തു
‘ബ്രേക്കപ്പ് ആയതുകൊണ്ട് മാനസികമായി ബുദ്ധിമുട്ടുണ്ട്, ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. അതിനാൽ ഒരാഴ്ച അവധി വേണം’ എന്നായിരുന്നു യുവാവിന്റെ അവധിക്കുള്ള അപേക്ഷയിലെ ഉള്ളടക്കം. ഗുരുഗ്രാം ആസ്ഥാനമായുള്ള ‘നോട്ട് ഡേറ്റിങ്’ കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ജസ്വീർ സിംഗ് ആണ് തനിക്ക് ലഭിച്ച ഈ വ്യത്യാസ്തമായ അവധിക്കുള്ള അപേക്ഷയുടെ സ്‌ക്രീൻഷോട്ട് എക്‌സിൽ പങ്കുവെച്ചത്. “ഇന്നലെ എനിക്ക് ലഭിച്ച ഏറ്റവും സത്യസന്ധമായ അവധി അപേക്ഷയാണിത്. ജെൻ സി ഫിൽട്ടറുകൾ ഉപയോഗിക്കാറില്ല” എന്ന അടിക്കുറുപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്.
“ഹലോ സർ, എനിക്ക് അടുത്തിടെ ഒരു ബ്രേക്കപ്പ് ഉണ്ടായി. അതുകൊണ്ട് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. എനിക്ക് ഒരു ചെറിയ ഇടവേള ആവശ്യമാണ്. ഞാൻ ഇന്ന് വർക്ക് ഫ്രം ഹോം ആണ്. അതിനാൽ 28 മുതൽ 8 വരെ അവധി എടുക്കാൻ ആഗ്രഹിക്കുന്നു” എന്നായിരുന്നു ജസ്വീർ സിംഗ് പങ്കുവെച്ച സ്‌ക്രീൻഷോട്ടിൽ ഉണ്ടായിരുന്നത്.
https://x.com/jasveer10/status/1983163443923562625?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1983163443923562625%7Ctwgr%5E84a679cec7b490467e16789e16ec512a2ce7ea34%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fweb-specials-magazine%2Fbreakup-leave-goes-viral-ceo-approves-honest-gen-z-employee-email-articleshow-eouyflv
വളരെപ്പെട്ടന്ന് തന്നെ പോസ്റ്റ് എക്‌സിൽ വൈറലായി. ഇതുകണ്ട ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളും ഒറ്റ ചോദ്യമായിരുന്നു ചോദിച്ചത്. സിഇഒ അവധി അനുവദിച്ചോ എന്നായിരുന്നു ആ ചോദ്യം. മറുപടിയും എത്തി ഉടൻതന്നെ അവധി അനുവദിച്ചു”, എന്നായിരുന്നു സിഇഒയുടെ മറുപടി. ഈ മറുപടി, അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ കയ്യടി നേടിക്കൊടുത്തു.
വളരെ സത്യസന്ധമായി ജീവനക്കാരൻ തന്റെ അവസ്ഥ തുറന്നുപറഞ്ഞതിനാൽ എങ്ങനെ അവധി നൽകാതിരിക്കും എന്നായിരുന്നു പലരും അഭിപ്രയപെട്ടത്. നന്നായി ജോലി ചെയ്യണമെങ്കിൽ തൊഴിലാളികളുടെ മാനസിക ആരോഗ്യവും പ്രധാനമാണ് എന്നതായിരുന്നു മറ്റൊരു ചർച്ച. ജെൻ സി തലമുറ ജോലിസ്ഥലങ്ങളിൽ അവരുടെ പുതിയ സമീപനങ്ങൾ കൊണ്ട് ശ്രദ്ധ നേടുകയാണ്. മാനസികാരോഗ്യവും, ജോലിയും, വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് ഈ തലമുറ കൂടുതൽ പ്രാധാന്യം നൽകുന്നു. വികാരങ്ങളെയും വ്യക്തിപരമായ കാര്യങ്ങളെയും തുറന്നു സംസാരിക്കാൻ ഇവർക്ക് മടിയില്ല എന്നത് തെളിയിക്കുന്ന ഒരു സംഭവം കൂടിയാണ് ഇതെന്നാണ് പരക്കെയുള്ള അഭിപ്രായം.
















