ടൂത്ത് ബ്രഷ് നന്നായി പഴകിയിട്ടും മാറ്റാതെ ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. ചിലരാകട്ടെ മറ്റുള്ളവരുടെ ടൂത്ത് ബ്രഷ് പോലും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിൻ്റെയെല്ലാം അനന്തരഫലം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത്തരക്കാർക്ക് ഭാവിയിൽ പല്ലുകളിലെ പ്രശ്നം, മോണ വേദന തുടങ്ങിയവയ്ക്ക് പുറമെ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ രോഗങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ബാക്ടീരിയകളും വീക്കം ഉണ്ടാക്കുന്ന ചില തന്മാത്രകളും രക്തത്തിൽ പ്രവേശിച്ചാൽ, അവ ഹൃദയത്തിലേക്കും കരളിലേക്കും പാൻക്രിയാസിലേക്കും എത്തുകയും ശരീരത്തിലുടനീളം നേരിയ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. അതാകട്ടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും വലിയ വെല്ലുവിളിയുയർത്തുന്ന രീതിയാണ്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധത്തെ ദുർബലപ്പെടുത്തുന്നു. അതിലൂടെ മോണയിൽ ചില അണുബാധകൾ വളരാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടുന്നു.
ഈ അണുബാധയുള്ള മോണകളിൽ നിന്ന് പുറത്തുവരുന്ന വിഷവസ്തുക്കൾ ഇൻസുലിന്റെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വീണ്ടും വഷളാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി സ്വാധീനിക്കുകയും ചെയ്യുന്നു. അനിയന്ത്രിതമായ പ്രമേഹം മോണകളെ ദുർബലപ്പെടുത്തുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നുള്ള കാര്യവും ഓർക്കണം.
മോണയിലുണ്ടാകുന്ന രക്തസ്രാവം ധമനികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നു. ഇതിനെ ആതെറോസ്ക്ലീറോസിസ് എന്നാണ് വിളിക്കുന്നത്. ഡോ. അറോറയുടെ അഭിപ്രായത്തിൽ, ഇത്തരം രക്തസ്രാവത്തിലൂടെ മോണയെ ബാധിക്കുന്ന അതേ വീക്കം നിങ്ങളുടെ ഹൃദയത്തിൽ സമ്മർദ്ദം ചെലുത്തുന്നു. കാലക്രമേണ, ഇത് ഹൃദയത്തിന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകരമായ മോണകളുള്ളവരെ അപേക്ഷിച്ച് മറ്റുള്ളവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത ഇരട്ടിയാണെന്നും അദ്ദേഹം പറയുന്നു.
മൂന്ന് മാസത്തിലൊരിക്കൽ നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റുന്നത് നിർബന്ധമാക്കുക. പഴയ ടൂത്ത് ബ്രഷിൽ വായുടെ ആരോഗ്യം വഷളാക്കിയേക്കാവുന്ന രോഗാണുക്കൾ അടഞ്ഞുകൂടിയിരിക്കാം. അതുപോലെ, ടൂത്ത് ബ്രഷിന് തേയ്മാനം സംഭവിക്കാം, ആ സമയം അവയ്ക്ക് ശരിയായി രീതിയിൽ പല്ലുകളും മോണയും വൃത്തിയാക്കാൻ കഴിയില്ല. ഇത് ബാക്ടീരിയകൾ വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയും, നിങ്ങളുടെ ആരോഗ്യം മൊത്തത്തിൽ മോശമാക്കുകയും ചെയ്യുന്നു.
content highlight: Health
















