സഹനടിയായി നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് സുമ ജയറാം. പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ഇവർ. കുട്ടേട്ടന്‍, എന്‍റെ സൂര്യപുത്രിക്ക്, ഏകലവ്യന്‍, മഴയെത്തും മുമ്പേ തുടങ്ങിയ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്ത് താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സുമ ജയറാം. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് അവരുടെ തുറന്നു പറച്ചിൽ.
സീനുകൾക്ക് ലെങ്ത് വരുമ്പോൾ കട്ട് ചെയ്യും. അപ്പോൾ നമ്മൾ അഭിനയിച്ചത് രണ്ട് സീനുകളിലേക്കൊക്കെ ആയിപ്പോകും. അങ്ങനെയാണ് ചെറിയ ക്യാരക്ടറിലേക്ക് ഒതുക്കപ്പെട്ടത്. ഞാൻ അഭിനയിക്കാൻ ചെല്ലുന്ന സമയത്ത് ചിലപ്പോൾ വലിയൊരു ക്യാരക്ടറായിരിക്കും. ഭരതത്തിൽ സുചിത്ര ചെയ്ത വേഷം ചെയ്യാൻ ഞാൻ ലൊക്കേഷനിൽ പോയതാണ്. നാല് ദിവസം അവിടെ സ്റ്റേ ഉണ്ടായിരുന്നു. 4 ദിവസം കഴിഞ്ഞപ്പോൾ പത്മരാജൻ അങ്കിൾ മരിച്ചെന്ന വാർത്ത വന്നു. അടക്കും കാര്യങ്ങളുമാണ്, സുമ തിരിച്ച് പൊയ്ക്കോ എന്ന് ലൊക്കേഷനിൽ നിന്ന് പറഞ്ഞു.
തിരിച്ച് വന്ന ശേഷം ഒരാഴ്ച കഴിഞ്ഞ് ഞാൻ നാനയിൽ കാണുന്നത് സുചിത്രയാണ് ആ വേഷം ചെയ്യുന്നതെന്നാണ്. അത് പോലെ ഒരുപാട് വേഷങ്ങൾ. എന്റെ സൂര്യപുത്രിയിൽ അമലയുടെ സഹോദരി ആയി അഭിനയിക്കാനാണ് ഞാൻ ലൊക്കേഷനിൽ ചെന്നത്. പക്ഷെ ആ സമയത്ത് വേറെ ആരോ അവിടെ പ്ലേ ചെയ്തു. എന്നെ സുഹൃത്തിന്റെ റോളിലേക്ക് മാറ്റി. സഹോദരിയായി ചെയ്തത് തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു കുട്ടിയാണ്.
ഷൂട്ടിംഗ് രാവിലെ തീർന്ന് വെെകീട്ട് റൂമിൽ വന്നു. 10 മണിയായപ്പോൾ വലിയൊരു സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് ബാൽക്കണിയുടെ ഡോറിൽ തട്ടുകയാണ്. നമ്മൾ ജനലിൽ കൂടെ കാണുന്നത് ഈ സംവിധായകൻ നിന്ന് തട്ടുന്നതാണ്. ഫുൾ ഫിറ്റാണ്. എനിക്കന്ന് 16-17 വയസാണ്. ഞാൻ പേടിച്ചു. കുറച്ച് നേരം ഡോറിൽ തട്ടി പിന്നെ അദ്ദേഹം അപ്പുറത്തേക്ക് പോയി. നേരം വെളുത്ത് ലൊക്കേഷനിൽ നിന്ന് ഞങ്ങൾ അദ്ദേഹത്തിന്റെ വായിൽ നിന്ന് ചീത്തയാണ് കേൾക്കുന്നത്. ഇതൊക്കേ പേടിച്ചിട്ടാണ് ആരും ഒന്നും പറയാത്തതെന്നും സുമ ജയറാം പറഞ്ഞു.
ഈയടുത്ത് ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായപ്പോൾ സുമ ജയറാമിനെ പോലെ പലരും വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കാസ്റ്റിംഗ് കൗച്ച് മലയാള സിനിമാ രംഗത്തുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് ചർച്ചയായതോടെ ചില നടിമാർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറച്ചിലുകൾ നടത്തി. ഇതിൽ നിയമനടപടി വരെയുണ്ടായി.
















