ഉത്തരാഖണ്ഡിലെ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കേദാർനാഥ്. നിരവധി തീർത്ഥാടകനാണ് ക്ഷേത്രം സന്ദർശിക്കാൻ എത്തുന്നത്. ഇന്ത്യയിലെ പന്ത്രണ്ട് പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ, ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മന്ദാകിനി നദിക്കരയിലുള്ള കേദാർനാഥ്. ഹൈന്ദവ വിശ്വാസപ്രകാരം, ഇവിടെയുള്ള ശിവന്റെ ജ്യോതിർലിംഗ ദർശനം ആളുകള്‍ക്ക് മോക്ഷം നല്‍കുമെന്ന് വിശ്വസിക്കുന്നു.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 11,750 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ്, ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട പുണ്യസ്ഥലങ്ങളിൽ ഒന്നാണ്, ഏപ്രിൽ അവസാനം മുതൽ നവംബറിലെ കാർത്തിക പൂർണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം, ഉഖീമഠ് എന്ന സ്ഥലത്തേക്കു കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്.
ഹിന്ദുക്കളുടെ വിശുദ്ധ തീർഥാടനമായ ചാർ ധാം യാത്രയുടെ ഭാഗമാണ് കേദാർനാഥ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ നാല് സ്ഥലങ്ങളിലും ദർശനം നടത്തുന്നത് വിശ്വാസികള്‍ പുണ്യമായി കരുതുന്നു. കേദാർനാഥ് ക്ഷേത്രത്തിന് പിന്നിൽ മഹാഭാരതവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. കുരുക്ഷേത്ര യുദ്ധത്തിന് ശേഷം പാപങ്ങളിൽ നിന്ന് മോചനം നേടാനായി പാണ്ഡവർ ശിവനെ തേടി ഇവിടെയെത്തിയെന്നാണ് വിശ്വാസം. പാണ്ഡവരിൽ നിന്ന് രക്ഷപ്പെടാൻ ശിവൻ ഒരു കാളയുടെ രൂപം പൂണ്ട് ഭൂമിയിലേക്ക് മറയാൻ ശ്രമിച്ചത്രേ. അപ്പോള്‍ ഭീമസേനൻ ആ കാളയെ പിടിച്ചു വയ്ക്കാൻ ശ്രമിച്ചു. പോത്ത് ഭൂമിക്കടിയിലേക്ക് പോവുകയും അതിന്റെ മുതുകിന്റെ ഭാഗം അവശേഷിക്കുകയും ചെയ്തു. ആ മുതുകിന്റെ ഭാഗമാണ് ഇവിടെ ആരാധിക്കുന്നത് എന്നാണ് വിശ്വാസം. ബാക്കി ഭാഗങ്ങൾ ഉത്തരാഖണ്ഡിലെ മറ്റ് നാല് സ്ഥലങ്ങളിലായി പ്രതിഷ്ടിച്ചു. ബാക്കി നാലിടങ്ങളായ തുംഗനാഥ്, മദ്മഹേശ്വർ, രുദ്രനാഥ്, കൽപേശ്വർ എന്നിവയും കേദാര്‍നാഥും ചേര്‍ന്ന് ‘പഞ്ചകേദാർ’ എന്ന പേരിൽ അറിയപ്പെടുന്നു.
ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ തന്നെയാണ് മറ്റൊരു അദ്ഭുതം. ഭീമാകാരമായ കരിങ്കല്ലുകൾ പാകി, വലിയ ഒരു പീഠത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ നിർമ്മിതി നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. യഥാർഥ കേദാർനാഥ് ക്ഷേത്രം, ആര്, എപ്പോൾ നിർമിച്ചു എന്നതിന് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍, എട്ടാം നൂറ്റാണ്ടിൽ ആദിശങ്കരാചാര്യരാണ് ഈ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം.
ഗൗരികുണ്ഡ് മുതൽ കേദാർനാഥ് വരെയുള്ള ഭാഗത്ത്, ഭക്തർക്ക് സൗജന്യമായോ കുറഞ്ഞ ചെലവിലോ താമസിക്കാൻ കഴിയുന്ന ധര്‍മശാലകള്‍ ലഭ്യമാണ്. കേദാർനാഥ് ബേസിൽ, കുറഞ്ഞ സൗകര്യങ്ങളോട് കൂടിയ ഗസ്റ്റ് ഹൗസുകളും ഷെയറിങ് ടെന്റുകളും കിട്ടും. ക്ഷേത്രത്തിലേക്ക് നേരിട്ട് റോഡ് മാർഗം എത്തിച്ചേരാൻ കഴിയില്ല, ഗൗരികുണ്ഡിൽ നിന്ന് 17 കിലോമീറ്റർ മുകളിലേക്ക് കാൽനടയായി സഞ്ചരിക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കുതിരകളെയും പോർട്ടർമാരെയും ആശ്രയിക്കാം. കൂടാതെ, ഗൊണ്ടോളയും ഹെലികോപ്റ്റർ സർവീസും ലഭ്യമാണ്. സമയം ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തിരഞ്ഞെടുക്കാം.
















