പ്രമുഖ ബോളിവുഡ് സീരിസായ ‘സ്ട്രേഞ്ചർ തിങ്സ്’ നടൻ ഡേവിഡ് ഹാർബറിനെതിരെ പീഡന പരാതി. സഹതാരം കൂടിയായ മില്ലി ബോബി ബ്രൗൺ ആണ് ഡേവിഡ് ഹാർബറിനെതിരെ പീഡന പരാതി നൽകിയത്. ‘സ്ട്രേഞ്ചർ തിങ്സി’ൽ മില്ലി ബോബി ബ്രൗണിന്റെ വളർത്തച്ഛനായാണ് ഡേവിഡ് ഹാർബർ വേഷമിട്ടിരിക്കുന്നത്.
ഡേവിഡ് ഹാർബർ തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മില്ലി പരാതിയിൽ പറയുന്നു. അതേസമയം, ലൈംഗിക ആരോപണങ്ങളൊന്നും പരാതിയിലില്ല. ‘സ്ട്രേഞ്ചർ തിങ്സ്’ സീസൺ 5 പുറത്തിറങ്ങാനിരിക്കെയാണ് മില്ലിയുെട പരാതി പുറത്തുവരുന്നത്.
കഴിഞ്ഞ സീസണിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുൻപ് ബ്രൗൺ പരാതി നൽകിയതായാണ് റിപ്പോർട്ട്. പരാതിയെ തുടർന്ന് ഹാർബർ ആഭ്യന്തര അന്വേഷണം നേരിട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുതിയ വിവാദങ്ങൾക്കിടയിൽ ഹാർബർ മുൻപ് മില്ലിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. 2021-ലെ ഒരു അഭിമുഖത്തിൽ ഡേവിഡ് ഡേവിഡ് ഹാർബർ പറഞ്ഞത് ഇങ്ങനെ– ‘മില്ലിയോട് എനിക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹമുണ്ട്. അവൾ വളരെ ചെറുപ്പമായിരുന്നതു മുതൽ എനിക്ക് അവളെ അറിയാം. ഈ പ്രശസ്തിയൊക്കെ ലഭിക്കുന്നതിനു മുൻപുതന്നെ എനിക്ക് അവളെ അറിയാം. മില്ലിയോട് ആഴത്തിലുള്ള പിതൃവാത്സല്യം എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.’’
2016-ൽ സ്ട്രേഞ്ചർ തിങ്സ് പരമ്പര ചിത്രീകരണം ആരംഭിക്കുമ്പോഴാണ് മില്ലിയെ ഹാർബർ പരിചയപ്പെടുന്നത്. അന്ന് ബ്രൗണിന് 12 വയസാണ് പ്രായം. അതിനിടെ, ‘സ്ട്രേഞ്ചർ തിങ്സ്’ സീസൺ 5 ഒന്നാം ഭാഗം നവംബർ 26 ന് റിലീസ് ചെയ്യും. രണ്ടാം ഭാഗം ഡിസംബർ 25 ന് പുറത്തിറങ്ങും.
















