നെടുമങ്ങാട്: സംസ്ഥാനത്ത് വിലസ്ഥിരതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോയുടെ മൊബൈൽ സൂപ്പർ മാർക്കറ്റ് പദ്ധതി ആരംഭിച്ചതെന്ന് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ.
നെടുമങ്ങാട്ട് നടന്ന സപ്ലൈകോ മൊബൈൽ സൂപ്പർ മാർക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭിക്കുന്നതുപോലെതന്നെ സബ്സിഡി വിലയിൽ ഉൽപ്പന്നങ്ങൾ മൊബൈൽ സൂപ്പർസ്റ്റോറുകളിലും ലഭ്യമാകും, എന്നും അദ്ദേഹം വ്യക്തമാക്കി.
നവംബർ ഒന്നുമുതൽ, സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിൽ സാധനം വാങ്ങാൻ വരുന്നവർക്ക് സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്കും 10 ശതമാനം വിലക്കുറവ് ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.പദ്ധതിയുടെ ലക്ഷ്യം ജനങ്ങൾക്ക് അടിസ്ഥാന ആവശ്യവസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാക്കുകയും, വിപണിയിലെ വിലവർദ്ധനയെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ്.
ഉദ്ഘാടന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, വൈസ് പ്രസിഡന്റ് വൈശാഖ് എന്നിവർ സംസാരിച്ചു.
















