തേച്ചു മിനുക്കിയാല്‍ ഇനിയും തിളങ്ങുമെന്ന് പ്രേക്ഷകർക്ക് മുന്നില്‍ തെളിയിക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അതിന് ഉദാഹരണമാണ്. ഇത് അദ്ദേഹത്തിന്റെ മികച്ച നടനുള്ള ഏഴാമത്തെ സംസ്ഥാന അവാര്‍ഡ് ആണ്. രാഹുല്‍ സദാശിവന്‍ ഒരുക്കിയ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ തന്നിലേക്ക് സ്വയം ആവാഹിച്ച മഹാനടൻ.ആർത്തിയാണ് ഈ മനുഷ്യന് പണത്തിനോടല്ല സിനിമയോട്. മലയാളത്തിൽ ഇനിയും തുടരും അദ്ദേഹത്തിന്റെ ജൈത്രയാത്ര.
സ്വയം പുതുക്കിപണിയുന്ന നടനാണ് ഏക്കാലവും മമ്മൂട്ടി. ഓരോ കാലഘട്ടത്തിലും തന്റെ അഭിനയത്തിന്റെ രൂപവും ആഴവും പുതുതായി പുനർനിർമിച്ച കലാകാരൻ. അതുകൊണ്ടാണ് ഏത് കാലഘട്ടത്തിലെ മമ്മൂട്ടിയാണ് മികച്ച നടൻ എന്ന ചോദ്യം അപ്രസക്തമാകുന്നത്. കാലം മാറുമ്പോഴും സിനിമയുടെ ഭാഷ മാറുമ്പോഴും, മമ്മൂട്ടി അതിനേക്കാൾ ഒരുപടി മുന്നിലായിരുന്നു. ഇന്നിതാ, 74-ാം വയസ്സിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം എട്ടാം തവണയും മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയിലേക്കെത്തുമ്പോൾ, ആരാധകരും സിനിമാപ്രേമികളും ഒരുപോലെ അഭിമാനത്തോടെയും ആവേശത്തോടെയും കാത്തിരിക്കുകയാണ്..… ഇന്നുവരെ നാം കണ്ടിട്ടില്ലാത്ത മറ്റൊരു അതുല്യവേഷം എവിടെയോ അദ്ദേഹത്തിനായി ഇനിയും ഒരുക്കപ്പെടുന്നുണ്ടെന്ന പ്രതീക്ഷയോടെ.
മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണയും, സംസ്ഥാന ചലച്ചിത്ര പുരസ്കാരം എട്ടുതവണയും മമ്മൂട്ടിയെ തേടിയെത്തി. 1981-ൽ ‘അഹിംസ’യിലെ വാസുവെന്ന കഥാപാത്രത്തിലൂടെ മികച്ച സഹനടനായി സംസ്ഥാന അവാർഡ് ലഭിച്ചതോടെയാണ് മമ്മൂട്ടി അവാർഡ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. പിന്നാലെ, ‘അടിയൊഴുക്കി’ലെ കരുണൻ എന്ന വേഷം അദ്ദേഹത്തിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സമ്മാനിച്ചു. പിന്നീട്, 1985, 1989, 1994, 2009, 2022, ഇപ്പോഴിതാ 2024 വരെ മികച്ച നടനുള്ള പുരസ്കാരങ്ങൾ നിരന്തരം അദ്ദേഹത്തെ തേടിയെത്തി
1989-ൽ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം
1994-ൽ പൊന്തൻമാട, വിധേയൻ, വാത്സല്യം
2004-ൽ കാഴ്ച
2009-ൽ പാലേരി മാണിക്യം
2022-ൽ നൻപകൽ നേരത്ത് മയക്കം
സിനിമ എന്ന മൂന്നക്ഷരത്തിനായി മുഴുവൻ ജീവിതവും സമർപ്പിച്ച നടനാണ് മമ്മൂട്ടി. തന്റെ തന്നെ വിജയഫോർമുലകൾ ആവർത്തിക്കാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല. ഒരിക്കൽ മമ്മൂട്ടിയെ കണ്ട മലയാളി പ്രേക്ഷകൻ പിന്നീട് അതേ ചട്ടക്കൂടിനകത്ത് അദ്ദേഹത്തെ കണ്ടിട്ടില്ല. ഒരുകാലത്ത് അപ്പർ മിഡിൽ ക്ലാസ് മലയാളിയുടെ പ്രതിനിധിയായ കുടുംബസ്ഥനായെത്തിയ മമ്മൂട്ടിയെ പിൽക്കാലത്ത് നമുക്ക് അധികം കാണേണ്ടി വന്നിട്ടില്ല.
‘യവനിക’യിലേയും ‘അമര’ത്തിലേയും ‘വടക്കൻ വീരഗാഥ’യിലേയും മമ്മൂട്ടി വ്യത്യസ്തനാണ്. 2000-നു ശേഷവും അദ്ദേഹം ആ പുതുമയുടെ പാതയിലായിരുന്നു. ‘ലൗഡ് സ്പീക്കറി’ലെ മൈക്ക്, ‘പ്രാഞ്ചിയേട്ട’നിലെ പ്രാഞ്ചി, ‘മുന്നറിയിപ്പി’ലെ സി.കെ. രാഘവൻ, ‘പത്തേമാരി’യിലെ പള്ളിക്കൽ നാരായണൻ. ഓരോ കഥാപാത്രങ്ങൾക്കും അദ്ദേഹം പുതിയ രൂപവും ആത്മാവും കണ്ടെത്തി.
മലയാള സിനിമ എക്കാലവും മമ്മൂട്ടിയെ മോഹിപ്പിക്കുന്നത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിൽ കാണാം. മലയാള സിനിമയ്ക്ക് തന്നെയല്ല, മറിച്ച തനിക്കാണ് സിനിമയെ ആവശ്യമെന്ന കൃത്യമായ ബോധ്യം മമ്മൂട്ടിക്കുണ്ടായിരുന്നു. മികച്ച സംവിധായകരെയും തിരക്കഥാകൃത്തുകളെയും തേടി മമ്മൂട്ടി തന്നെയാണ് അവരുടെ വാതിൽ തട്ടിയത്. അടൂരിനെയും കെ.ജി. ജോർജിനെയും പോലുള്ള മഹാന്മാരുടെ മികച്ച ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായി.
ബോംബെയിൽ നിന്നെത്തിയ ഒരു കൂട്ടം യുവാക്കൾക്ക് മമ്മൂട്ടി നൽകിയ ഒരു ഡേറ്റ് മലയാള സിനിമയുടെ ഗതി തന്നെ മാറ്റി. മലയാള സിനിമയെ ഉയർത്തിയ നിരവധി പുതിയ സംവിധായകരുടെ ആദ്യ ചിത്രങ്ങൾ മമ്മൂട്ടിയോടൊപ്പമായിരുന്നു. മാർട്ടിൻ പ്രക്കാട്ട്, അമൽ നീരദ്, അൻവർ റഷീദ് എന്നീ പേരുകൾ പ്രത്യേകം പരാമർശിക്കേണ്ടതാണ്. എല്ലാം തികഞ്ഞ നായകന്മാർ നിറഞ്ഞുനിന്ന കാലത്ത്, അമ്മയ്ക്ക് പിറന്ന നാല് മക്കളു’ടെ കഥയുമായി ‘ബിഗ് ബി’ എത്തി. സി.കെ. രാഘവന്റേയും കോടുമൺ പോറ്റിയുടേയും ആ ചിരിയും ശൈലിയുമാണ് ഇന്നും സിനിമാപ്രേമികൾ ആവർത്തിച്ച് ആസ്വദിക്കുന്നത്. മമ്മൂട്ടി തിരഞ്ഞെടുത്ത ചിത്രങ്ങൾ മലയാള സിനിമയുടെ തന്നെ വളർച്ചയുടെ അടയാളങ്ങളായി മാറി.
ഭാഷ ഉപയോഗിക്കുന്നതിൽ തനിക്കുണ്ടായ വഴക്കമായിരുന്നു മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു മമ്മൂട്ടി ഫാക്ടർ. ‘കോട്ടയം കുഞ്ഞച്ച’നും ‘രാജമാണിക്യ’വും ‘പ്രാഞ്ചിയേട്ട’നും ‘അമര’വും ‘വാത്സല്യ’വും ‘വിധേയനും’ ‘പാലേരി’യും ‘പുത്തൻപണ’വും ‘ലൗഡ് സ്പീക്കറും’ ‘ചട്ടമ്പിനാടും’ എന്ന് തുടങ്ങി പരിശോധിച്ചുപോയാൽ തീരാത്തത്ര സിനിമകളിൽ മമ്മൂട്ടിയിലെ മഹാനടൻ തന്റെ ഭാഷയിലെ വൈദഗധ്യം നമുക്ക് കാണാനാകും. മമ്മൂട്ടി ഭാഷ കൈകാര്യം ചെയ്യുമ്പോൾ ഇത് ഇത്ര സിമ്പിളായിരുന്നോ എന്ന നമുക്ക് തോന്നുംവിധം മനോഹരമാണ് അദ്ദേഹത്തിന്റെ അഭിനയശൈലി. ഏച്ചുകൂട്ടലോ ഓവർ ഡ്രമാറ്റിക്കോ അല്ല. അത്ര തന്മയത്തോടെ മമ്മൂട്ടിയിലെ നടൻ ഭാഷയെ കൈകാര്യം ചെയ്യുന്നു.
















