മണിമല: പ്രകൃതിയുടെ അതുല്യ സൃഷ്ടിയായി ഒരുകാലത്ത് സഞ്ചാരികളുടെ മനസ്സ് കവർന്ന മണിമലയാറിൻ്റെ മധ്യത്തിലുള്ള പച്ചത്തുരുത്ത് ഇപ്പോൾ പൂർണമായും ഇല്ലാതാകാനുള്ള അവസ്ഥയിലെത്തി. കുളത്തൂർമൂഴി പാലത്തിൽനിന്ന് വ്യക്തമായി കാണാമായിരുന്ന ആ മനോഹര ദൃശ്യം ഇന്ന് മങ്ങിപോകുകയാണ്. പതിറ്റാണ്ട് മുമ്പ് ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് ഈ തുരുത്ത് രൂപപ്പെട്ടത്.
വെള്ളപ്പൊക്കത്തിൽ മണിമലയാർ കുളത്തൂർമൂഴിയിലെത്തുന്നതിന് അരക്കിലോമീറ്റർ മുമ്പായി മണിമലയാർ രണ്ട് കൈവരികളായി പിരിയുന്നു. വെള്ളപ്പൊക്കത്തിൽ കരയുടെ ഒരു ഭാഗം ഇടിഞ്ഞ് ആറിൻ്റെ ഗതി രണ്ടായി തിരിയുന്നുണ്ട്. ആറിൻ്റെ മധ്യഭാഗത്ത് രണ്ടേക്കർ വിസ്തൃതിയിൽ തുരുത്ത് രൂപപ്പെടുകയായിരുന്നു.
സസ്യജാലങ്ങളും വള്ളിപ്പടർപ്പുകളും ഔഷധസസ്യങ്ങളും നിറഞ്ഞ ഈ തുരുത്ത് വർഷങ്ങളോളം പ്രകൃതി സ്നേഹികളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട കാഴ്ചയായിരുന്നു. വെള്ളാവൂർ പഞ്ചായത്ത് പരിധിയിൽപ്പെട്ടിരുന്ന ഈ തുരുത്ത് ഒരുകാലത്ത് പഞ്ചായത്ത് ലേലം ചെയ്‌ത് നൽകിയിരുന്നു. തുരുത്ത് സംരക്ഷിച്ച് ബോട്ടിംഗ്, വിനോദസഞ്ചാര സൗകര്യങ്ങൾ തുടങ്ങിയവ വികസിപ്പിക്കുമെന്ന് വിവിധ ഘട്ടങ്ങളിൽ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും, അവയിൽ ഒന്നും പ്രായോഗികമായില്ല.
2021-ലെയും 2024-ലെയും വെള്ളപ്പൊക്കങ്ങൾക്കൊപ്പം കുളത്തൂർമൂഴിയിലെ തടയണയും തുരുത്തിന്റെ നിലനിൽപ്പ് തകർത്തു. ഒരിക്കൽ രണ്ടേക്കറിലധികം വിസ്തൃതിയിലുണ്ടായിരുന്ന പച്ചത്തുരുത്ത് വീണ്ടും ചുരുങ്ങിക്കഴിഞ്ഞു
















