വടകര: 6.6 കോടി രൂപ ചെലവിൽ പണികഴിപ്പിച്ച ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ (സി എച്ച് സി ) പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച മന്ത്രി, ഇവിടെ കിടത്തിചികിത്സ ആരംഭിക്കുന്നതിനെ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് പറഞ്ഞു.
നിലവിൽ ഏഴ് ഡോക്ടർമാരുള്ള ഈ ആശുപത്രിയിൽ ഒരാൾ കൂടി നിയമിക്കപ്പെടുന്ന സാഹചര്യത്തിൽ, അടുത്ത ദിവസങ്ങളിൽ തന്നെ കിടത്തിചികിത്സ ആരംഭിക്കാമെന്നു മന്ത്രി പറഞ്ഞു. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിനെ ജില്ലയിലെ പ്രധാന പിഎച്ച് ലാബുമായി ബന്ധിപ്പിച്ചതിനാൽ 131 ലാബ് പരിശോധനകൾ ഇവിടെ സാധ്യമാകുമെന്നും പരിശോധനാ ഫലം മൊബൈൽ വഴി ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ.കെ. രമ എംഎൽഎ അധ്യക്ഷയായി. ഡിഎംഒ ഡോ. കെ.കെ. രാജാറാം റിപ്പോർട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. മിനിക, പി.പി. ചന്ദ്രശേഖരൻ, ആയിഷ ഉമ്മർ, പി. ശ്രീജിത്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. നിഷ, ജില്ലാ പഞ്ചായത്ത് അംഗം എൻ.എം. വിമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശശികല ദിനേശൻ, കെ.എം. സത്യൻ, ഏറാമല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കോട്ടയിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം കെ.പി. ബിന്ദു, ഡി.പി.എം ഡോ. സി.കെ. ഷാജി, മെഡിക്കൽ ഓഫീസർ ഡോ. ഉഷ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്തിന്റേതായ ഈ ആരോഗ്യ കേന്ദ്രം നബാർഡ് പദ്ധതിയിലൂടെയാണ് പണികഴിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ 5.6 കോടി രൂപയും, ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപയും ചെലവഴിച്ചു. പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിച്ചതോടെ പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാർ പ്രകടിപ്പിക്കുന്നത്.
















