പേരാമ്പ്ര: സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 50 കായികതാര വിദ്യാർത്ഥികൾക്ക് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മേളയിൽ റെക്കോർഡ് തിരുത്തി ഇരട്ട സ്വർണം നേടിയ ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു. അസുഖബാധിതയായിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച ദേവനന്ദ സംസ്ഥാനത്തിന്റെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു.
അടച്ചുറപ്പുള്ള വീട്, നല്ല പരിശീലകൻ, ആവശ്യമായ കായിക ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്ന പദ്ധതികളാണ് സർക്കാർ ആലോചിക്കുന്നത്. സ്വർണ മെഡൽ നേടിയ വിദ്യാർത്ഥികളിൽ ഉപകരണങ്ങൾ ഇല്ലാത്തവരെ കണ്ടെത്താൻ സർവേ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അടുത്തവർഷം മുതൽ ഓരോ വിദ്യാർത്ഥിയും ഒരു കായിക ഇനം എങ്കിലും നിർബന്ധമായും പഠിക്കണമെന്ന പദ്ധതിയും നടപ്പാക്കും. കായികമേളയിൽ ഇരട്ട സ്വർണം നേടിയ വേളയിൽ തന്നെ ദേവനന്ദയ്ക്ക് വീട് നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. റിട്ട. അധ്യാപകൻ കോട്ടിലോട്ട് ശ്രീധരൻ സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് വീട് നിർമ്മിക്കുന്നത്.
















