വളയം: സംസ്ഥാനത്തെ വ്യാവസായിക പരിശീലന കേന്ദ്രങ്ങളെ ആധുനികവത്കരിക്കുക എന്നത് സർക്കാറിന്റെ പ്രധാന ലക്ഷ്യമാണെന്ന് തൊഴിൽ-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പുതുതായി നിർമ്മിച്ച വളയം ഗവ. ഐ.ടി.ഐ കെട്ടിടം നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിലെ നിരവധി ഐ.ടി.ഐകളെ ആധുനിക സംവിധാനങ്ങളിലേക്ക് മാറ്റാൻ സർക്കാറിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സർക്കാർ ഒരുക്കുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കേരളത്തിലെ കുട്ടികൾ കഴിവുറ്റ തൊഴിലാളികളായി വളരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓട്ടോമേഷൻ, ആനിമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇലക്ട്രിക്കൽ തുടങ്ങിയ ട്രേഡുകൾ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
ഐ.ടി.ഐകളിൽ കളിസ്ഥലം, ഹോസ്റ്റൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി സ്ഥാപനങ്ങളുടെ മുഖച്ഛായ പൂർണ്ണമായും മാറ്റാനുള്ള പദ്ധതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വളയം ഗ്രാമപഞ്ചായത്തിലെ ചെക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടം ഒരേക്കർ സ്ഥലത്ത് 10 കോടി രൂപ ചെലവിട്ട് സംസ്ഥാന സർക്കാർ നിർമിച്ചതാണ്. ക്ലാസ് മുറികൾ, ലാബുകൾ, ഓഫീസ് മുറികൾ, ഹാളുകൾ, ശുചിമുറികൾ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
















