അഞ്ചൽ: തോട്ടത്തിൽ കിടന്ന പന്നിപ്പടക്കം കടിച്ചെടുത്ത് വീട്ടിലേക്ക് ഓടിയെത്തിയ നായക്ക് ദാരുണാന്ത്യം. മണൽ പ്രദേശത്ത് ഭാനു വിലാസത്തിൽ പ്രകാശിന്റെ വീട്ടിലെ വളർത്തുനായയാണ് പൊട്ടിത്തെറിയിൽ മരിച്ചത്. ഞായറാഴ്ച രാത്രി നടന്ന സംഭവമാണ് പ്രദേശത്തെ ഞെട്ടിച്ചത്.
പടക്കം പൊട്ടിയതോടെ നായയുടെ ശരീരം തകർന്നു ചിന്നിപതിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്കോടിയപ്പോൾ വീടിന്റെ ജനൽ ചില്ലുകൾ തകർന്നതും ചുവരുകൾക്ക് വിള്ളലുണ്ടായതും കാണുകയായിരുന്നു. ഉടൻ നടത്തിയ സിസിടിവി പരിശോധനയിൽ പന്നിപ്പടക്കം നായ കടിച്ചു കൊണ്ടുവന്നതാണെന്ന് വ്യക്തമായി.
തോട്ടത്തിൽ പടക്കം ആരാണ് വച്ചതെന്നത് ഇതുവരെ വ്യക്തമല്ല. സംശയിക്കുന്ന ഒരാളെ ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമീപ പ്രദേശത്തും ഇതേ രീതിയിൽ ഒരു നായ കൂടി കഴിഞ്ഞ ദിവസം മരിച്ചതായി നാട്ടുകാർ പറയുന്നു. ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
















