പുത്തൂർ: കൊട്ടാരക്കര–പുത്തൂർ–സിനിമാപറമ്പ് റോഡിലെ പടുകുഴികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഗുരുതരമായ അപകടഭീഷണി ഉയർത്തുന്നതായി പരാതി. പ്രത്യേകിച്ച് പുത്തൂർ ചുങ്കത്തറ, പാണ്ടറ ഭാഗങ്ങളിലെ കുഴികളാണ് കൂടുതലായും അപകടം വരുത്തുന്നത്. കഴിഞ്ഞ ദിവസം ചുങ്കത്തറ ഭാഗത്തെ കുഴിയിൽ വീണു നിയന്ത്രണം വിട്ട ബൈക്ക് യാത്രികൻ കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെടേണ്ടതായിരുന്നു. ഡ്രൈവർ സഡൻബ്രേക്കിട്ടു വണ്ടി നിർത്തിയതിനാലാണ് അപകടം ഒഴിവായത്.
ഗതാഗതത്തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കു വശം കൊടുക്കുമ്പോഴും മറികടന്നു പോകുമ്പോഴും കുഴിയിൽപ്പെടുന്നതാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ നിയന്ത്രണം വിട്ട് വശത്തേക്ക് പാഞ്ഞുകയറിയ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. ഈ റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ട ടാറിങ് ചെയ്തിട്ട് ആറു വർഷമായിട്ടുണ്ട്. എന്നാൽ രണ്ടാംഘട്ട ടാറിങ് ഇതുവരെ നടന്നിട്ടില്ല. റോഡ് തകർന്നു തുടങ്ങിയതോടെ അടുത്തിടെയാണ് 19 ലക്ഷം രൂപ ചെലവിട്ടു കുഴിയടപ്പു നടത്തിയത്. അടച്ച കുഴികളുടെ സമീപത്തു തന്നെയാണു പുതിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
റോഡിന്റെ റീടാറിങ് ജോലിക്ക് കരാർ നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സിനിമാപറമ്പ് ഭാഗത്ത് നിന്ന് നവീകരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. ആദ്യഘട്ട ടാറിങ് കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞതിനാൽ, ഈ പ്രാവശ്യം ബിഎം–ബിസി നിലവാരത്തിൽ പുനർടാറിങ് നടത്താനാണ് തീരുമാനം. പക്ഷേ, അതിനു മുൻപായി കുഴികൾ അടച്ച് അപകടഭീഷണി ഒഴിവാക്കണം എന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
















