കാസർകോട്: നിറപ്പകിട്ടും കലാമികവുമൊന്നിച്ച് കാസർകോട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് എൻ. എ. നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു.സംഘാടക സമിതി ചെയർമാനും മുനിസിപ്പൽ ചെയർമാനുമായ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും റിയാലിറ്റി ഷോ ഫെയിം താരവുമായ സുരേഷ് പള്ളിപ്പാറ മുഖ്യാതിഥിയായി.
ചടങ്ങിൽ കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിന് ആദരസമർപ്പണം നടത്തി. കലോത്സവത്തിന്റെ ലോഗോ ഡിസൈൻ ചെയ്ത വി.പി. ജ്യോതിഷ് കുമാറിനും സ്നേഹാദരം നൽകി. ഷംസീദ ഫിറോസ്, ഖാലിദ് പച്ചക്കാട്, രജനി പ്രഭാകരൻ, രഞ്ജിത, വി.എസ്. ബിജു രാജ്, റോജി ജോസഫ്, ടി. പ്രകാശൻ, അഗസ്റ്റിൻ ബർണാഡ്, എൻ.കെ. ഉദയകുമാർ, ആൻസി മാത്യു എന്നിവർ ആശംസാ പ്രഭാഷണങ്ങൾ നടത്തി.
ഉദ്ഘാടനച്ചടങ്ങ് അധ്യാപകൻ അശോകൻ കുണിയേരി രചിച്ച സ്വാഗതഗാനത്തോടെയാണ് ആരംഭിച്ചത്. സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഗാനാവിഷ്‌കാരം അവതരിപ്പിച്ചത്. സംഘാടക സമിതി കൺവീനർ പി.കെ. സുനിൽ സ്വാഗതം ചെയ്തു. റിസപ്ഷൻ കമ്മിറ്റി കൺവീനർ അശോകൻ കുണിയേരി നന്ദി രേഖപ്പെടുത്തി.
വൈവിധ്യമാർന്ന കലാപ്രതിഭകളുടെ പ്രകടനങ്ങളിലൂടെ മൂന്ന് ദിവസങ്ങളോളം നീളുന്ന കലാമേള, വിദ്യാലയമേഖലയെ ആവേശഭരിതമാക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും അധ്യാപകരും.
















