മലയാളികൾക്ക് ചിരിയുടെ മാലപ്പടക്കം തീർത്ത കോമഡി ആർട്ടിസ്റ്റ് വൈക്കം ഭാസി സംസ്ഥാന സർക്കാരിന്റെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം സ്വന്തമാക്കി വാർത്തകളിൽ നിറയുകയാണ്. മോഹൻലാൽ സംവിധാനം ചെയ്ത ‘ബറോസ്’ എന്ന ചിത്രത്തിലെ ‘വുഡു’ എന്ന ആനിമേഷൻ കഥാപാത്രത്തിന് ശബ്ദം നൽകിയതിനാണ് ഒ.വി. രാജേഷ് എന്ന വൈക്കം ഭാസിയെ തേടി ഈ അംഗീകാരം എത്തിയത്. കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഈ കലാകാരന് കരിയറിലെ ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ് ഈ നേട്ടം.
‘ബറോസി’ലേക്ക് ഡബ്ബിംഗിനായി ക്ഷണിച്ചപ്പോൾ, സംവിധായകൻ ടി.കെ. രാജീവ് കുമാറിനോട് “അയ്യോ.. എനിക്ക് ഡബ്ബിങ് ഒന്നും അറിഞ്ഞുകൂട സാറേ..” എന്ന് പറഞ്ഞ് ഭാസി ആദ്യം ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് സിനിമയുടെ സംവിധായകൻ കൂടിയായ മോഹൻലാൽ നേരിട്ട് വിളിക്കുകയും “എന്തായാലും ഭാസി വന്ന് ഒന്നു ശ്രമിച്ച് നോക്കൂ..” എന്ന് പറയുകയും ചെയ്തതോടെ അദ്ദേഹം ആ ക്ഷണം സ്വീകരിച്ച് എത്തുകയായിരുന്നു. മഴവിൽ മനോരമയിൽ ഭാസി അവതരിപ്പിച്ച കോമഡി സ്കിറ്റ് കണ്ടാണ് മോഹൻലാലും സംഘവും അദ്ദേഹത്തെ ‘ബറോസി’ലേക്ക് ക്ഷണിച്ചത്.
ചിത്രത്തിലെ ‘വുഡു’ എന്ന കഥാപാത്രത്തിന് ശബ്ദം നൽകാൻ പലരും ശ്രമിച്ചിട്ടും ശരിയാകാതെ ഇരുന്ന സാഹചര്യത്തിലാണ് വൈക്കം ഭാസി എത്തുന്നത്. എന്നാൽ, ഡബ്ബിംഗ് തുടങ്ങിയപ്പോൾ ഒറ്റയടിക്ക് ആ ശബ്ദം ശരിയായത് എല്ലാവരെയും അമ്പരപ്പിച്ചു. ഡബ്ബ് ചെയ്ത കുറച്ച് സീനുകൾ ടി.കെ. രാജീവ് കുമാർ മോഹൻലാലിനെ കാണിച്ചപ്പോൾ, അത് അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. 2024-ലാണ് അവാർഡ് പ്രഖ്യാപിച്ചതെങ്കിലും, 2022-ലെ ടെലിവിഷൻ അവാർഡിൽ മികച്ച കോമഡി താരത്തിനുള്ള പുരസ്കാരവും വൈക്കം ഭാസിക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ 20 വർഷത്തിലേറെയായി ടെലിവിഷൻ, സ്റ്റേജ് പ്രോഗ്രാമുകളിൽ കോമഡി ആർട്ടിസ്റ്റായി സജീവമാണ് അദ്ദേഹം.
















