കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് കോടതി കഠിനതടവും പിഴയും വിധിച്ചു. അയ്‌മനം മങ്കിയേൽപടി വീട്ടിൽ വിനീത് സഞ്ജയൻ (36) ആണ് ശിക്ഷിക്കപ്പെട്ടത്.
കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എസ്. അനന്തകൃഷ്ണൻ ആണ് രണ്ടുവർഷം കഠിനതടവും ₹5,000 പിഴയും അടങ്ങുന്ന ശിക്ഷ വിധിച്ചത്.
2015 ഏപ്രിൽ 14നാണ് സംഭവം നടന്നത്. അന്ന് രാത്രി 11 മണിയോടെയാണ് നഗരത്തിലെ ഒരു തട്ടുകടയിൽ അക്രമം നടക്കുന്നുവെന്ന വിവരം ലഭിച്ച് പോലീസ് നൈറ്റ് പെട്രോളിങ് സംഘം സ്ഥലത്തെത്തിയത്. ഇതോടെയാണ് പ്രതികളും കൂട്ടരും വടികളും മറ്റായുധങ്ങളും ഉപയോഗിച്ച് പോലീസ് സംഘത്തെ ആക്രമിച്ചത്.
ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് കണ്ണിനും തലവശത്തും പരിക്കുകൾ നേരിട്ടിരുന്നു. തെളിവുകളും സാക്ഷ്യങ്ങളും പരിശോധിച്ച കോടതി കുറ്റം തെളിഞ്ഞതായി നിരീക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. റോബിൻ കെ. നീലിയറ ഹാജരായി.
















