തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുന്നതിനു മുമ്പേ തിരുവനന്തപുരത്തെ ബിജെപിയില്‍ പൊട്ടിത്തെറി.
സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്‍ന്ന് ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം ജയകുമാര്‍ രാജിവെച്ചു. കഴിഞ്ഞ 43 വര്‍ഷമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്ന തനിക്ക് പാര്‍ട്ടിയില്‍ നിന്നു നീതി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി.
ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനും നേമം മണ്ഡലം പ്രസിഡന്റ് കരുമം രാജേഷിനും ചൊവ്വാഴ്ച വൈകീട്ടാണ് ജയകുമാര്‍ രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍ നിന്നു വിജയിച്ച എം ആര്‍ ഗോപനാണ് നേമത്ത് സ്ഥാനാര്‍ഥിയാകുക എന്ന സൂചനയാണ് രാജിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.
നേമം വാര്‍ഡില്‍ മത്സരിക്കാന്‍ ആ വാര്‍ഡിലുള്ള ഒരാളെത്തന്നെ പരിഗണിക്കണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
















