കൊല്ലം: പചകത്തിനിടെ പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്ന് അടുക്കളയ്ക്കു തീപിടിച്ചു.ആണ്ടാമുക്കത്ത് ഫ്രൂട്ട്സ് കടയുടെ മുകളിലത്തെ നിലയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
സംഭവം ഇന്നലെ രാത്രി 7.15ഓടെ നടന്നു. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടറിൽ നിന്ന് വാതകം ചോർന്നതോടെയാണ് തീ പടർന്നത്. തീ പെട്ടെന്ന് അടുക്കള മുഴുവൻ പിടിച്ചു കത്തിയെങ്കിലും, തൊഴിലാളികൾ സമയോചിതമായി പുറത്തിറങ്ങിയതിനാൽ ആളപായമൊന്നും സംഭവിച്ചില്ല.
വിവരം ലഭിച്ചതോടെ ചാമക്കട ഫയർ സ്റ്റേഷനിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ അവർ തീ പൂർണ്ണമായി അണച്ചു. അടുക്കള പൂർണമായും കത്തി നശിച്ചുവെന്നും ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി. സിലിണ്ടറിൽ നിന്ന് സ്‌റ്റൗവിലേക്കുള്ള ഗ്യാസ് ട്യൂബ് തകരാറിലായത് തന്നെയാണ് തീപിടിത്തത്തിന് കാരണം എന്നാണു ഫയർ ഫോഴ്‌സ് പ്രാഥമിക നിഗമനം.
ചാമക്കട സ്‌റ്റേഷൻ ഓഫിസർ ഡി.ഉല്ലാസ്, അസി. സ്‌റ്റേഷൻ ഓഫിസർ എസ്.മണിയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ബി.സന്ദീപ്, മുകേഷ്, ദിലീപ് കുമാർ, കൃഷ്ണനുണ്ണി, ഫൈസൽ, ഫയർ ആൻഡ് റെസ്‌ക്യു ഡ്രൈവർമാരായ സജി, സൂര്യകാന്ത് എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്
















