വർക്കലയിൽ വെച്ച് ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ, മദ്യപന്മാരെ നിലക്കുനിർത്താൻ കെഎസ്ആർടിസി. ഇനി മുതൽ മദ്യപിച്ചെത്തുന്നവരെ കെഎസ്ആർടിസി ബസ്സുകളിൽ കയറ്റില്ല എന്നാണ് ഗതാഗത മന്ത്രി ബി.ഗണേഷ് കുമാറിന്റെ പുതിയ തീരുമാനം. എന്നാൽ ഈ ‘സുരക്ഷാകവചം’ ശരിക്കും ന്യായമാണോ? ആർക്കും ശല്യമാകാതെ, മിണ്ടാതെ തന്റെ കാര്യം നോക്കി പോകുന്ന മദ്യപാനിയെയും, അക്രമം കാണിക്കുന്നവന്റെ കൂട്ടത്തിൽ പെടുത്തി പുറത്താക്കുന്നത് എന്ത് നീതിയാണ്? ഒരുവശത്ത് സർക്കാർ തന്നെ നാടിന്റെ മുക്കിലും മൂലയിലും മദ്യശാലകൾ തുറന്ന്, കശുവണ്ടിയിൽ നിന്ന് പോലും പുതിയ വീര്യം കൂടിയ മദ്യം വിൽക്കാൻ മത്സരിക്കുമ്പോൾ, മറുവശത്ത് മദ്യപാനികൾ അത് കുടിക്കുന്നതിനും പൊതുവാഹനത്തിൽ കയറുന്നതിൽ മാത്രം പ്രശ്നം കാണുന്ന ഈ ഇരട്ടത്താപ്പ് നമ്മെ ചിന്തിപ്പിക്കണം. ഭരണകൂടം ആദ്യം ചെയ്യേണ്ടത് ഈ മദ്യശാലകളുടെ എണ്ണം കുറയ്ക്കുകയല്ലേ? നമ്മുടെ ദുരന്തങ്ങൾക്കുള്ള മറുപടി ഈ താൽക്കാലിക വിലക്ക് മാത്രമാണോ?
ഈ നിയമത്തെ ഒരിക്കലും എതിർക്കുകയാണ് കാരണം നേരത്തെ മുതൽ തന്നെ കെഎസ്ആർടിസി ബസ്സിനുള്ളിൽ സഞ്ചരിക്കുന്ന സ്ത്രീകൾക്ക് വലിയ തോതിലുള്ള അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പലയിടത്തും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ വർക്കലയിൽ നടന്ന ട്രെയിൻ ആക്രമണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഗതാഗത മന്ത്രി ഇത്തരമൊരു സുപ്രധാന ഇടപെടൽ നടത്തിയത്.
മന്ത്രിയുടെ വാദം അനുസരിച്ച്, മദ്യപാനികൾ ഉണ്ടാക്കുന്നതോ, അവർ മൂലം മറ്റ് യാത്രക്കാർക്ക് ഉണ്ടാകാൻ സാധ്യതയുള്ളതോ ആയ അപകടങ്ങൾ മുൻനിർത്തിയാണ് ഈ നിർദ്ദേശം എന്നതാണ്. കെഎസ്ആർടിസി ബസ്സിനുള്ളിലേക്ക് മദ്യപാനികളെ കയറ്റരുതെന്ന നിർദ്ദേശം കണ്ടക്ടർമാർക്കാണ് നൽകിയിട്ടുള്ളത്. മദ്യപിച്ച ബസ്സിനുള്ളിൽ കയറാൻ ശ്രമിക്കുന്നവരെ തുടക്കത്തിൽ തന്നെ തടയണം എന്നും, അവരെ സീറ്റിലേക്ക് ഇരിക്കാൻ പോലും സമ്മതിക്കരുതെന്നും ആണ് മന്ത്രിയുടെ കർശന നിർദ്ദേശം.
യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടെന്ന് ആദ്യഘട്ടത്തിൽ കണ്ടക്ടർക്ക് മനസ്സിലായില്ലെങ്കിൽ പോലും, സ്ത്രീകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ ഉടൻ നടപടിയെടുക്കണം. കള്ളിന്റെ മണം, മോശം സമീപനം, നോട്ടം, സ്പർശനം തുടങ്ങിയ ബുദ്ധിമുട്ടുകൾ വനിതാ യാത്രികർ പരാതിപ്പെട്ടാൽ, ഉടൻ തന്നെ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകണം. പ്രശ്നക്കാരനെ ഇറക്കിവിട്ടതിന് ശേഷം മാത്രമേ ട്രിപ്പ് തുടരാവൂ എന്ന ഈ നിർദ്ദേശം ഉൾക്കൊള്ളാൻ സാധിക്കുന്നതാണ്. ആർക്കെങ്കിലും ബസ്സിൽ വെച്ച് മോശം അനുഭവം ഉണ്ടായാൽ, അത് മദ്യപിച്ചാണെങ്കിലും അല്ലെങ്കിലും ചോദ്യം ചെയ്യപ്പെടുകയും പോലീസിനെ ഏൽപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഈ പരിഷ്കരണം ആദ്യഘട്ടത്തിലാണ് നടപ്പിലാക്കുന്നത്. സ്ത്രീ സുരക്ഷയ്ക്ക് പരമമായ പ്രാധാന്യം നൽകണം എന്ന മുന്നറിയിപ്പും കണ്ടക്ടർമാർക്ക് നൽകിയിട്ടുണ്ട്. യാതൊരു ബുദ്ധിമുട്ടുകളും സ്ത്രീ യാത്രികർക്ക് ഉണ്ടാകാൻ പാടില്ല. മാത്രമല്ല, നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രി തന്നെ ഇടയ്ക്ക് കെഎസ്ആർടിസി ബസ്സിൽ കയറി പരിശോധന നടത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, മദ്യപിച്ച് പൊതുഗതാഗത വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് വിലക്കുന്ന ഒരു നിയമവും നിലവിലില്ല എന്ന നിയമപരമായ വെല്ലുവിളിയുണ്ട്. ട്രെയിനുകളിലും ഇതേ സ്ഥിതിയാണ്. എന്നാൽ, മദ്യപിച്ചിട്ടായാലും അല്ലാതെയായാലും പൊതുസ്ഥലത്തും ബസ്സിലും ശല്യമുണ്ടാക്കുന്നവർക്കെതിരെ പോലീസിന് കേസെടുക്കാൻ സാധിക്കും. മദ്യപാനം നിരോധിക്കാത്ത സാഹചര്യത്തിൽ, മദ്യപിച്ച ശേഷം യാത്ര ചെയ്യുന്നത് തടഞ്ഞാൽ, സ്വന്തം വാഹനമില്ലാത്തവർക്ക് വീട്ടിൽ പോകാൻ കഴിയാതെ വരുകയും നിയമപരമായ വെല്ലുവിളികൾ ഉണ്ടാകാൻ സാധ്യത ഉണ്ടാവുകയും ചെയ്യും.
















