സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് കുട്ടികളുടെ സിനിമകൾക്ക് പുരസ്‌കാരം നിഷേധിച്ചതിനെക്കുറിച്ചുള്ള വിവാദത്തിൽ, ജൂറി അംഗവും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത്. ചാനൽ അവതാരകക്കെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം സോഷ്യൽ മീഡിയ വഴി ഉന്നയിച്ചിരിക്കുന്നത്. തനിക്കെതിരെ നടന്നത് മാധ്യമ പ്രവർത്തനമല്ല, “മാധ്യമ ഗുണ്ടായിസമാണ്” എന്നും അദ്ദേഹം ആരോപിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഈ വർഷത്തെ ചലച്ചിത്ര അവാർഡിൽ കുട്ടികൾക്കുള്ള സിനിമകൾ അവാർഡിന് പരിഗണിച്ചില്ല എന്ന വിഷയവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽനിന്ന് സുജയ പാർവതി എന്നെ ഇന്നലെ വിളിച്ചിരുന്നു. മുൻകൂട്ടി അറിയിപ്പൊന്നുമില്ലാത, തത്സമയ വാർത്തകൾക്കിടയിലാണ് വിളിവന്നത്. എന്തുകൊണ്ടാണ് കുട്ടികളുടെ സിനിമകൾക്ക് അവാർഡ് നൽകാതിരുന്നത് എന്ന ചോദ്യമുന്നയിച്ചപ്പോൾ, ഞാനതിന് കൃത്യമായ മറുപടി നൽകി. എന്നാൽ, വാർത്താ അവതാരകയുടെ ലക്ഷ്യം എന്നിൽനിന്ന് വിവാദപരാമർശമുണ്ടാക്കുകയെന്നതായിരുന്നു.
പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ തുടർച്ചയായി ചോദിക്കുകയായിരുന്നു അവർ. കുട്ടികളുടെ സിനിമകൾക്ക് അവാർഡ് നിഷേധിച്ച്, കുട്ടികൾക്കുള്ള സിനിമകളും അവരുടെ അഭിനയമോഹവും സിനിമാ സ്വപ്നങ്ങളുമൊക്കെ തകർക്കുന്ന ഭീകരനായി എന്നെ ചിത്രീകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പ്രതിപക്ഷ ബഹുമാനമില്ലാത്ത
ഗോവിന്ദചാമിയെ
ലൈനിൽ കിട്ടിയ തരത്തിൽ വളരെ അപഹാസ്യമായ ഭാഷയിൽ കുട്ടികളുടെ സിനിമയുടെ കാര്യത്തിൽ ഞാൻ ഒറ്റക്ക് എടുത്ത തീരുമാനമാണ് ഇത് എന്ന വിധം ആക്ഷേപ സ്വരത്തിൽ തട്ടിക്കേറുകയായിരുന്നു അവർ.
ഇങ്ങോട്ടുവിളിച്ചശേഷം അപമാനിക്കുന്ന രീതിയാണ് ചാനലിന്റെ ഭാഗത്തുനിന്നുണ്ടായത്. നമ്മള് എവിടെ നിൽക്കുന്നുവെന്നുപോലും ചിന്തിക്കാതെ, ഇങ്ങോട്ടുവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നത് എന്തുതരം മാധ്യമപ്രവർത്തനമാണ്? ജൂറിയെന്നത് ഏഴംഗകമ്മിറ്റിയാണ്. അതിലെ ഭൂരിപക്ഷാഭിപ്രായമാണ് അവാർഡ് പ്രഖ്യാപനത്തിൽ വരുന്നത്. ജൂറിയംഗമായിരുന്ന ഒരാളെ വിളിച്ച് നിങ്ങളുടെ നിലപാടുകൾ ശരിയല്ല എന്ന് പറയാം പക്ഷേ വിധി പ്രസ്താവിക്കുന്നതെങ്ങനെയാണ്?
പിന്നെന്തിനാണ് സർക്കാർ ചെല്ലും ചിലവും എന്ന് വർഷം തോറും ജൂറി മെമ്പർമാരെ വെക്കുന്നത്.?
ഈ വർഷംവന്ന കുട്ടികളുടെ സിനിമ ഏഴംഗ ജൂറി വിലയിരുത്തിയപ്പോൾ അവ ഒന്നുംതന്നെ കുട്ടികളുടെ മനസ്സിനെ അല്ലെങ്കിൽ കുട്ടികളുടെ ഭാവുകത്വത്തെ പ്രതിഫലിപ്പിക്കുന്നവയായിരുന്നില്ല എന്ന് കണ്ടെത്തുകയുണ്ടായി.
കഴിവുള്ള അഭിനയശേഷിയുള്ള നിരവധി കുട്ടികൾ ഉണ്ടെങ്കിലും അവരെ സ്വഭാവികമായ കഥാപാത്രങ്ങളിൽ നിന്നും അടർത്തി മാറ്റി
സൂപ്പർ സ്റ്റാറുകൾ ജീവൻ നൽകുന്ന അമാനുഷിക വ്യക്തിത്വങ്ങളാക്കി മാറ്റുന്ന പ്രവണത ഇത്തരം സിനിമകളിൽ
ജൂറി കണ്ടെത്തി.
ഇത് സംവിധായകരുടെ
സർഗ്ഗാത്മകമായ കഴിവുകേടാണെന്നും ജൂറി വിലയിരുത്തുകയുണ്ടായി.
കുട്ടികളുടെ സിനിമ പ്രധാനമായും ലക്ഷ്യമിടുന്നത് സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്തം, കാരുണ്യം, ധാർമ്മികത, പെരുമാറ്റശീലം എന്നിങ്ങനെയുള്ള കാര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും ക്രൂരത, അതിക്രമം, സമൂഹവിരുദ്ധമായ കാര്യങ്ങൾ, ചിന്തകൾ എന്നിവയെ അകറ്റിനിർത്തുന്നതുമായിരിക്കണം. കുട്ടിത്തത്തിനുള്ളിൽനിന്ന്
അവർക്കുമനസ്സിലാകുന്ന രീതിയിൽ സ്വാഭാവികമായ തരത്തിലാവണം സംവിധായകൻ സിനിമയ്ക്ക് ദൃശ്യഭാഷയൊരുക്കേണ്ടത്. പരിഗണനയ്ക്കുവന്ന സിനിമകളിലേറെയും നാം കണ്ടത് കുട്ടികളിലൂടെ സംവിധായകന്റെ
മാനസികവ്യാപാരങ്ങളാണ്. അതാവരുത് കുട്ടികളുടെ സിനിമയെന്ന് ചിന്തിച്ചുറപ്പിച്ചതുകൊണ്ടാണ് അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികളുടെ സിനിമ ഉൾപ്പെടാതിരുന്നതെന്ന് വളരെ സഭ്യമായ ഭാഷയിൽ ഞാൻ ഈ വാർത്താവതാരകയോട് വിശദീകരിക്കുകയുണ്ടായി. പക്ഷേ അവർക്കതു പോര. ക്ഷണിച്ചു വരുത്തിയവരുടെ തലയിൽ അധിക്ഷേപത്തിൻ്റെ തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞ് ചാനലിൻ്റെ TRP റേറ്റിംഗ് കൂട്ടണം.
ചാനലിൻ്റെ കൂടെ തൻ്റേയും റേറ്റിംഗ് കൂട്ടാൻ താല്പര്യമുള്ളവർ കുറേപ്പേർ ഉണ്ടാവാം. പക്ഷേ എന്നെ നിങ്ങൾ അക്കൂട്ടത്തിൽ ഉൾപ്പെടുത്താൻ നിക്കരുത്. ഞാനിത്തരം പരിപാടികൾ വരാൻ മുണ്ടും മുറുക്കി ഇറങ്ങിയ ഒരാളല്ല. ഇക്കാര്യത്തിൽ ഒരഭിപ്രായം പറയാമോ എന്ന് അപേക്ഷിച്ചപ്പോൾ അറിയാതെ ചാനലിൽ വന്നു പോയതാണ്. നിങ്ങടെ വായിലുള്ളത് കേൾക്കാനല്ല ഞാൻ പറയുന്ന കാര്യങ്ങളോട് ജനാധിപത്യപരമായി സംവദിക്കാനുള്ള മാന്യതയാണ് പത്രപ്രവർത്തക എന്ന നിലയിൽ സുജയ കാണിക്കേണ്ടിയിരുന്നത്. മിസാറു ,തേവി നനച്ചത്, കുമുദാംശു വൃക്ഷത്തിലെ ഒരു പൂവ് എന്നിങ്ങനെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ എഴുത്തിലൂടെ ആവിഷ്ക്കരിച്ച കഥാ കൃത്താണു ഞാൻ. എൻ്റെ സാഹിത്യ ജീവിതം പോകട്ടെ മലയാളത്തിലെ നാലു കഥകൾ വായിച്ച വകയിൽ മിനിമം ബോധമുണ്ടായിരുന്നുവെങ്കിൽ ഇത്രയും നെറികെട്ട രീതിയിൽ നാട്ടുകാർ കാൺകേ നിങ്ങൾ എന്നോട് സംസാരിക്കുമായിരുന്നോ? ഞാൻ പറഞ്ഞ യഥാർത്ഥ അഭിപ്രായത്തിൻ്റെ തലയും വാലും വെട്ടി എന്നെ കുട്ടികളുടെ അഖില ലോക ശത്രുവാക്കി നാട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാൻ നാണമില്ലേ?
ധൈര്യമുണ്ടെങ്കിൽ ഞാൻ അഞ്ചോ ആറോ മിനിട്ട് നിങ്ങളോട് സംസാരിച്ച ഭാഗം മൊത്തമായി വാർത്തയിൽ ഇട്ടു കാണിക്ക്.
ഞാനും മാധ്യമപ്രവർത്തനം പഠിച്ച വ്യക്തിയാണ്.
പക്ഷേ നിങ്ങൾ കാണിക്കുന്നത് മാധ്യമ പ്രവർത്തനമല്ല. മാധ്യമ ഗുണ്ടായിസമാണ്.
‘ജൂറിയുടെ അഭിപ്രായം കുട്ടികളുടെ മാനസിക നില തെറ്റിക്കും’ എന്ന വിഡ്ഢിത്തം വിളമ്പിയപ്പോഴാണ് ( സിനിമക്ക് അവാർഡ് കിട്ടാത്തതിൻ്റെ പേരിൽ ചിത്തഭ്രമം വരാൻ മാത്രം മണ്ടന്മാരല്ല തങ്ങൾ
എന്ന് സുജയ പാർവ്വതിയെക്കാൾ എന്നായി കേരളത്തിലെ കുട്ടികൾക്കറിയാം )
അങ്ങനെയുള്ള കുട്ടികളെ മാനസികാരോഗ്യ ശുശ്രൂഷക്ക് വിധേയമാക്കി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും അത് ജൂറിയുടെ ഉത്തരവാദിത്തമല്ലെന്നുമാണ് ഞാൻ പറഞ്ഞത്.
അത് നിങ്ങൾ ഉന്നയിക്കുന്ന മണ്ടൻ ചോദ്യങ്ങൾക്കുള്ള പരിഹാസം കലർന്ന
മറുപടിയാണെന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇത്രയും വലിയ ചാനലിൽ ചമഞ്ഞിരിക്കുന്ന നിങ്ങൾക്ക് വേണ്ടേ ബഹുമാനപ്പെട്ട സുജയ പാർവ്വതി..?
ഇങ്ങനെ
അസത്യങ്ങൾ മാത്രം പറഞ്ഞ് വെറും പൊള്ളയായ ശബ്ദം മാത്രമായി കാഴ്ചക്കാർക്കിടയിൽ ചീപ്പ് ഹിറോയിസം കാണിക്കുന്ന നിങ്ങളോട് “പോയി പണി നോക്കാ
നല്ലാതെ ” വേറെന്താണ് ഞാൻ പറയേണ്ടത്.
നിങ്ങളുടെ സാംസ്കാര ശൂന്യമായ വാർത്താ വേള കാണുന്ന കുട്ടികൾ നിങ്ങളിൽ നിന്ന് എന്താണ് പഠിക്കുക എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?
നുണയും നെറികേടും അഹങ്കാരവും സംസ്കാര ശൂന്യതയും മാത്രം.
മുപ്പത്തഞ്ച് കൊല്ലമായി അടിസ്ഥാന വർഗ്ഗത്തിനു വേണ്ടി എഴുത്തിലൂടെ സംസാരിച്ചു കൊണ്ടിരിക്കുന്ന സന്തോഷ് ഏച്ചിക്കാനം
ഏതു തരക്കാരനാണെന്ന് ചോറു തിന്നുന്ന കേരളത്തിലെ വായനക്കാർക്കറിയാം.
അത് തെളിയിക്കാൻ എനിക്ക് സുജയയെ പ്പോലുള്ള ഒരാളുടെ ക്ലീൻ ചീട്ട് വേണ്ട.
നിങ്ങളുടെ പരിപ്പ് സ്വന്തം കലത്തിലിട്ട് വേവിച്ചാൽ മതി, അതും ചുമന്നോണ്ട് എൻ്റെ അടുപ്പിലേക്ക് വരാൻ നിക്കരുത്. കേരളത്തിലെ
ചാനലുകളിലും പത്രങ്ങളിലുമായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തബോധമുള്ള നിരവധി പത്രപ്രവർത്തക സുഹൃത്തുകളെ മാറ്റി നിർത്തി സുജയ പാർവ്വതിയോട് ഞാനൊരു കാര്യം പറയാം.
വാക്കുകൾക്ക് വെടിയുണ്ടയേക്കാൾ ശക്തിയുണ്ട്. അതുപയോഗിക്കാൻ അറിയാവുന്നവരേ അതു പയോഗിക്കാവൂ.
അല്ലെങ്കിൽ നിരപരാധികളുടെ നെഞ്ചത്ത് കൊള്ളും.
അല്ലാതെ ആവേശം സിനിമയിൽ അംബാ ൻ്റെ കൈയ്യിൽ തോക്കു കിട്ടയതുപോലെ അലക്ഷ്യമായി വെടി യുതിർത്ത് കാണുന്നവരെ ചിരിപ്പിച്ച് കൊല്ലരുത്.
എൻ്റെ
പ്രിയപ്പെട്ട കുഞ്ഞുങ്ങളേ നിങ്ങൾക്ക് നാളെ നല്ല സിനിമകൾ കിട്ടാനും കാണാനും വേണ്ടിയാണ് ജൂറി ഈ നിലപാട് എടുത്തിരിക്കുന്നത്.
സത്യം മനസ്സിലാക്കാൻ സമയം എടുക്കും.
കാത്തിരിക്കുക.
















