തീവ്രമായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ‘ഫീനിക്‌സ്’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സൂപ്പർതാരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. നവംബർ ഏഴിന് പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്ന ഈ സിനിമയ്ക്ക് വേണ്ടി സംവിധായകൻ അനൽ അരശുവിനോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് വിജയ് സേതുപതി രംഗത്തെത്തി. മകന് ഒരു മികച്ച തുടക്കമാണിതെന്നും, അവന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പങ്കുവെച്ചു.
‘ഫീനിക്‌സി’ന്റെ പ്രീ-റിലീസ് ഇവന്റിലാണ് വിജയ് സേതുപതി മനസ്സ് തുറന്നത്. ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ്റെ’ ചിത്രീകരണത്തിനിടയിലാണ് താൻ അനൽ അരശുവിനെ കണ്ടുമുട്ടിയതെന്നും, അദ്ദേഹം കഥ വിവരിച്ച ശേഷം മകനെ ഈ സിനിമയിൽ അഭിനയിക്കാൻ അനുവദിക്കാമോ എന്ന് ചോദിച്ചുവെന്നും വിജയ് സേതുപതി പറഞ്ഞു. ‘നിങ്ങളും അവനും സംസാരിക്കൂ’ എന്നായിരുന്നു തൻ്റെ മറുപടി. സിനിമ കണ്ടപ്പോൾ താൻ അതീവ സന്തോഷവാനായി എന്നും, ഇത് സൂര്യക്ക് ഒരു മികച്ച തുടക്കമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മകനായ സൂര്യക്ക് ചെറുപ്പം മുതലേ ആക്ഷൻ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും, അവൻ മാസ് സിനിമകളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും വിജയ് സേതുപതി വെളിപ്പെടുത്തി. “അച്ഛാ നിങ്ങൾ കൂടുതൽ മാസ് സിനിമകൾ ചെയ്യണം എന്ന് അവൻ എപ്പോഴും എന്നോട് പറയാറുണ്ടായിരുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് സംവിധായകൻ അനൽ അരശുവിനും നിർമ്മാതാവ് രാജലക്ഷ്മിയ്ക്കും വിജയ് സേതുപതി പ്രത്യേകം നന്ദി അറിയിച്ചു.
പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫറായ അനൽ അരശാണ് ‘ഫീനിക്‌സ്’ സംവിധാനം ചെയ്യുന്നത്. സൂര്യ സേതുപതി നായകനായി എത്തുന്നുവെങ്കിലും, ‘നാനും റൗഡി താന്‍’, ‘സിന്ധുബാദ്’ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം മുമ്പ് അഭിനയിച്ചിട്ടുണ്ട്. സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. വിദഗ്ദ്ധരായ സാങ്കേതിക പ്രവർത്തകരാണ് എ.കെ. ബ്രേവ്മാൻ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന, തീവ്രമായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഈ ചിത്രത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
















