കാഞ്ഞങ്ങാട്: പാണത്തൂർ റോഡിൽ നിർത്തിയിട്ട് മരം കയറ്റുകയായിരുന്ന ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. ഇന്നലെ രാവിലെ 8 മണിയോടെ ബളാംതോട് മുസ്ലിം പള്ളിക്ക് സമീപം നടന്ന അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.പാലയിൽ നിന്നും പാണത്തൂരിലേക്കു വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. അപകട സമയത്ത് ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
വളവുള്ള റോഡിൽ ലോറി അനധികൃതമായി നിർത്തിയിട്ടത് തന്നെയാണ് അപകടത്തിന് കാരണം പറയുന്നു. നിർമാണം നടക്കുന്ന പാതയിൽ പല സ്‌ഥലത്തും ഇത്തരത്തിൽ റോഡിന്റെ ഒരു ഭാഗത്ത് വലിയ ലോറികൾ നിർത്തി മരം കയറ്റുന്നത് അപകട ഭീഷണി ഉണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു.
റോഡിന്റെ അരികിൽ വലിയ ലോറികൾ നിർത്തി മണിക്കൂറുകളോളം മരം കയറ്റുന്നത് ഗതാഗതത്തിന് ഗൗരവമായ അപകടഭീഷണിയായി മാറിയിട്ടുണ്ട്. പനത്തടി പഞ്ചായത്ത് ജനജാഗ്രത സമിതി ഇതിന്മേൽ നേരത്തെ തന്നെ പോലീസിനോട് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല എന്നതാണ് നാട്ടുകാരുടെ ആക്ഷേപം.
വീതികുറഞ്ഞ റോഡുകളിൽ വാഹനങ്ങൾ അനിയന്ത്രിതമായി നിർത്തി മരം ലോഡ് ചെയ്യുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നുവെന്നതിനാൽ, ഇത്തരം പ്രവണതകൾക്കെതിരെ പോലീസ് കടുത്ത നടപടിയെടുക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
















