കുറ്റ്യാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2021 മെയ് മുതൽ 2025 ഓഗസ്റ്റ് വരെ കാലയളവിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നിന്നുള്ള അപേക്ഷകൾക്ക് 6.77 കോടി രൂപ അനുവദിച്ചതായി എം.എൽ.എ കെ.പി. കുഞ്ഞമ്മദ്കുട്ടി അറിയിച്ചു.
നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നു ലഭിച്ച അപേക്ഷകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തുക അനുവദിച്ചത്. എം.എൽ.എ ഓഫീസ് വഴിയും ഓൺലൈൻ കേന്ദ്രങ്ങളിലൂടെയും സമർപ്പിച്ച അപേക്ഷകളാണ് പരിഗണിച്ചത്.
അസുഖം, അപകടം, മറ്റ് അത്യാഹിതങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ഗൗരവമായ പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് ദുരിതാശ്വാസനിധി വലിയ ആശ്വാസമായതായി എം.എൽ.എ വ്യക്തമാക്കി.
അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷാഫോം, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, മെഡിക്കൽ ബില്ലുകൾ തുടങ്ങിയ രേഖകൾ ചേർക്കണം. എല്ലാ അപേക്ഷകളും സുതാര്യമായ ഓൺലൈൻ സംവിധാനത്തിലൂടെയാണ് പരിഗണിക്കുകയും തീർപ്പാക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















