ഇന്ത്യൻ റെയിൽവേ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്. യൂറോപ്പും അമേരിക്കയും ആഫ്രിക്കയും ഓസ്‌ട്രേലിയയുമെല്ലാം ചേർന്ന് നിർമ്മിച്ചതിനേക്കാൾ കൂടുതൽ എഞ്ചിനുകൾ ഒരൊറ്റ വർഷം കൊണ്ട് നമ്മുടെ ഇന്ത്യൻ റെയിൽവേ സ്വന്തമായി നിർമ്മിച്ചു എന്നറിയുമ്പോൾ ഈ മാറ്റത്തിന്റെ വ്യാപ്തി എത്രമാത്രമാണെന്ന് വ്യക്തമാകും. കഴിഞ്ഞ ഒരു വർഷം മാത്രം 1681 പുതിയ എഞ്ചിനുകളാണ് ഇന്ത്യൻ റെയിൽവേ നിർമ്മിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സ്റ്റേഷനുകളും ട്രെയിനുകളും ആധുനികവൽക്കരിക്കാനുമായി രണ്ടര ലക്ഷം കോടി രൂപയാണ് റെയിൽവേ നീക്കിവെച്ചിരിക്കുന്നത്. ഈ വമ്പൻ നിക്ഷേപം ഇന്ത്യൻ റെയിൽവേയുടെ ഭാവിക്ക് തുടക്കം കുറിക്കുകയാണ്.
യാത്ര ചെയ്യുന്ന ജനസംഖ്യയുടെ വലിയൊരു പങ്കും ആശ്രയിക്കുന്നത് സാധാരണ കംപാർട്ട്‌മെന്റുകളെയാണ്. എയർ കണ്ടീഷൻ ചെയ്യാത്ത കംപാർട്ട്‌മെന്റുകളിൽ 70% യാത്രക്കാർ യാത്ര ചെയ്യുന്നു. ജനറൽ കംപാർട്ട്‌മെന്റുകളിൽ മാത്രം ഒരു വർഷം 650 കോടിയിലധികം ആളുകളാണ് യാത്ര ചെയ്യുന്നത് എന്ന കണക്ക് തന്നെ ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഈ ആവശ്യം മുൻനിർത്തിക്കൊണ്ട്, ഈ വർഷം 1250-ഓളം പുതിയ ജനറൽ കോച്ചുകളാണ് റെയിൽവേ കൂട്ടിച്ചേർത്തത്. സാധാരണ ജനങ്ങൾക്ക് സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൂറ്റൻ ചരക്ക് ഗതാഗത ശേഷിയിൽ ഇന്ത്യൻ റെയിൽവേ പുതിയ റെക്കോർഡുകൾ ആണ് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ചരക്ക് തീവണ്ടിയായ ‘രുദ്രാസ്ത്ര’ നമ്മുടെ പാളങ്ങളിലൂടെ വിജയകരമായി ഓടുകയാണ്. 354 ബോഗികളുമായി, നാലര കിലോമീറ്റർ നീളമുള്ള ഈ ട്രെയിൻ ചരക്ക് ഗതാഗതത്തിലെ ഒരു നാഴികക്കല്ലാണ്. ഇത് ആദ്യമായാണ് ഇത്രയും നീളമുള്ള ട്രെയിൻ ഇന്ത്യയുടെ പാളങ്ങളിൽ ഓടുന്നത്. ചരക്ക് ഗതാഗതത്തിനായി മാത്രമായി പ്രത്യേക കോറിഡോറുകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ റെയിൽവേ.
ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച് 160 വർഷം കൊണ്ട് മൊത്തം നിർമ്മിച്ചത് 89,919 കിലോമീറ്റർ റണ്ണിങ് ട്രാക്ക് ആയിരുന്നെങ്കിൽ, ഇന്ന് നമ്മുടെ രാജ്യത്ത് 1,10,000 കിലോമീറ്ററിലധികം റണ്ണിങ് ട്രാക്ക് ഉണ്ട്. ഒരു കാലത്ത് പാളങ്ങളുടെ ഇരട്ടിപ്പിക്കലിന് (ഡംബിളിങ്) പോലും ബുദ്ധിമുട്ടിയിരുന്ന സ്ഥാനത്ത്, ഇന്ന് അതിതീവ്ര ഗതാഗതമുള്ള റൂട്ടുകളിൽ മൂന്നാമത്തെ പാളം കടന്ന് നാലാമത്തെ പാളവും സ്ഥാപിക്കുകയാണ്. രാജ്യത്തെ തിരക്കേറിയ റൂട്ടുകളിലൊന്നായ താമ്പരം, ചെങ്കൽപേട്ട സ്റ്റേഷനുകൾക്കിടയിൽ 750 കോടിയിലധികം രൂപ ചെലവഴിച്ച് നാലാമത്തെ ട്രാക്കിന്റെ പണി സതേൺ റെയിൽവേ ആരംഭിച്ചിരിക്കുന്നു. ഇന്ത്യൻ റെയിൽവേയുടെ ഈ കുതിച്ചുചാട്ടം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നിർണായകമായ മുന്നേറ്റമാണ്.
















