കൊട്ടാരക്കര: ഉമ്മന്നൂർ പഞ്ചായത്തിലെ വാളകം–ചെപ്പറ മേഖലയിൽ കുടിവെള്ളക്ഷാമം ഗുരുതരാവസ്ഥയിലെത്തി. 25-ഓളം വീടുകൾക്ക് ശുദ്ധജലം ലഭിക്കാത്തതിനാൽ പണം കൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
തുണി അലക്കാനും കുളിക്കാനും പോലും വെള്ളം കിട്ടാത്ത അവസ്ഥ പ്രദേശവാസികളെ കടുത്ത ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്. കിണറുകൾ വറ്റിയതോടെ ദുരെ സ്ഥലങ്ങളിൽ നടന്നിട്ടും വാഹനങ്ങളിലുമായി വെള്ളം കൊണ്ടുവരെണ്ട അവസ്ഥയാണ്.
പശു, ആട്, പോത്ത് എന്നിവ വളർത്തുന്നവർക്ക് പ്രതിസന്ധി വളരെ വലുതാണ്. ജലക്ഷാമം മൂലം വളർത്തു മൃഗങ്ങൾക്ക് വെള്ളം കിട്ടാതെ പലരും മൃഗങ്ങളെ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
ജലജീവൻ, ജപ്പാൻ കുടിവെള്ള പദ്ധതി തുടങ്ങിയ സർക്കാർ പദ്ധതികൾ പ്രദേശത്ത് നടപ്പാക്കിയിട്ടുണ്ടെങ്കിലും, അവയിൽ നിന്നൊന്നും വെള്ളം ലഭിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. പഞ്ചായത്തിൽ പരാതി പറഞ്ഞാലും അധികാരികളുടെ കൈമലർത്തൽ മാത്രമാണ് ലഭിക്കുന്ന മറുപടി, അവർ പറയുന്നു.
ഇപ്പോൾ വാങ്ങുന്ന കുടിവെള്ളത്തിന് 500 മുതൽ 1000 രൂപ വരെ ചെലവാകുന്നു, എന്നാൽ അത് കുറച്ച് ദിവസം മാത്രം ഉപയോഗിക്കാൻ മാത്രമേ ഉണ്ടാവുകയുള്ളു .
മഴക്കാലത്തുപോലും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. പലതവണ കൊട്ടാരക്കര താലൂക്ക് വികസന സമിതിയിൽ പ്രശ്നം ഉന്നയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
“കുടിവെള്ളം എത്തിച്ച് നൽകാത്ത പക്ഷം സമര പരിപാടിയുമായി മുന്നോട്ട് പോകും,” എന്നാണ് നാട്ടുകാർ പറയുന്നത്.
















