ചേരാപുരം: കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.പി. റഷീദ്, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം പുതിയെടുത്ത് അബ്ദുല്ല മാസ്റ്റർ എന്നിവരെ പൈങ്ങോട്ടായിൽ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
തിരുവള്ളൂരിൽ മുസ്ലിം ലീഗ് കൺവെൻഷൻ അവസാനിച്ച് തിരികെ പോകുന്നതിനിടെ, നിർത്തിയിട്ടിരുന്ന ബൈക്കിൽ കാർ തട്ടിയെന്നാരോപിച്ച് ഒരു സംഘം നേതാക്കളെ ആക്രമിച്ചെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് തീക്കുനി അങ്ങാടിയിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പി.കെ. ബഷീർ, എം.എം. ഹമീദ്, അനസ് കടലാട്ട്, കമ്മന നാസർ, മണ്ടോടി മുഹമ്മദലി, ബഷീർ മാണിക്കോത്ത്, ടി.കെ. അബ്ദുൽ കരീം, എം. കാസിം മാസ്റ്റർ, വണ്ണാറത് കാസിം, മുന്നൂൽ മുജീബ്, ഷാനിബ് ചമ്പോട്, ടി.കെ. മഹമൂദ്, അസീൽ കെ., മുഹ്സിൻ കെ.പി. എന്നിവർ നേതൃത്വം നൽകി.
അഞ്ചുമുറിയിൽ ചൊവ്വാഴ്ച്ച സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനത്തിന് പോലിസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് പരിപാടി പിൻവലിച്ചു.
















