കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് വില്ലേജ് ഓഫീസ് ഉടൻ യാഥാർത്ഥ്യമാകുന്നു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനം എംഎൽഎ നിർവഹിച്ചു.
പൊതുജനങ്ങൾക്ക് സുതാര്യവും വേഗതയേറിയതുമായ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന സംസ്ഥാന പദ്ധതിയുടെ ഭാഗമായാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, എ.ഡി.എം. സി. മുഹമ്മദ് റഫീഖ്, വൈസ് പ്രസിഡന്റ് സി. ഉഷ, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ കെ. അജിത, ശ്യാമള പറശ്ശേരി, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ഷമീർ എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
















