കാസർകോട്: അനന്തപുരം വ്യവസായ പാർക്കിൽ നിന്നുള്ള ദുർഗന്ധത്തെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
ചലനശേഷിയുടെ 90 ശതമാനം നഷ്ടപ്പെട്ട കുമ്പള സ്വദേശി സമർപ്പിച്ച പരാതിയിലായിരുന്നു കമ്മീഷന്റെ ഇടപെടൽ. 2024 മേയ് 15-നു നൽകിയ മുൻ ഉത്തരവിൽ, ദുർഗന്ധം നിയന്ത്രിക്കാൻ രണ്ടുമാസത്തിനുള്ളിൽ നടപടി സ്വീകരിക്കണം എന്ന് കലക്ടർക്ക് കമ്മീഷൻ നിർദേശിച്ചിരുന്നു. എന്നാൽ പ്രശ്നം പരിഹരിക്കപ്പെടാത്തതായി പരാതിക്കാരൻ വീണ്ടും കമ്മീഷനെ അറിയിച്ചു.
ഇതിന് പിന്നാലെ കമ്മീഷൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ എൻവയൺമെൻറൽ എൻജിനീയറിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു.
റിപ്പോർട്ടിൽ, അനന്തപുരം വ്യവസായ പാർക്ക് ‘റെഡ് കാറ്റഗറി’യിലുൾപ്പെടുന്ന സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നതെന്നും ദുർഗന്ധത്തിന്റെ അളവ് നിശ്ചയിക്കാൻ ശാസ്ത്രീയ മാനദണ്ഡങ്ങൾ നിലവിലില്ല എന്നും വ്യക്തമാക്കുന്നു.
ദുർഗന്ധം കുറയ്ക്കാൻ സ്ഥാപിച്ച ബയോഫിൽട്ടർ, കൺഡൻസർ തുടങ്ങിയ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കാതിരുന്നാൽ ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, നിലവിലുള്ള കുറവുകൾ സ്ഥാപനങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ദുർഗന്ധവുമായി ബന്ധപ്പെട്ട പുതിയ പരാതികൾ ഒന്നും ലഭിച്ചിട്ടില്ല എന്നും മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ടിൽ അറിയിച്ചു.
















