കോഴിക്കോട്: കോഴിക്കോടിനെ രാജ്യത്തെ രണ്ടാം നിര നഗരങ്ങളുടെ മുന്‍നിരയിലേക്കെത്തിക്കേണ്ടത് ഐടി വികസനത്തില്‍ ഏറെ പ്രധാനമാണെന്ന് ഇൻഫോപാര്‍ക്ക്-ഗവ. സൈബര്‍ പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. കാലിക്കറ്റ് ഫോറം ഫോര്‍ ഐടി(കാഫിറ്റ്) ഭരണസമിതി ചുമതലയേറ്റെടുക്കുന്ന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ വിഷന്‍ 2030 സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോടിനെ മുന്‍നിരയിലെത്തിക്കാന്‍ ഐടി-പൊതു-സാമൂഹ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേണം. ഐഐഎം, എൻഐടി പോലുള്ള രണ്ട് ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കോഴിക്കോടിന് പ്രതിഭകളുടെ കുറവില്ല. ഈ പ്രതിഭകളെ നിലനിറുത്താനുള്ള നടപടികള്‍ വേണം.
ഐടി മേഖലയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നയരൂപീകരണമുള്‍പ്പെടെ പല ഉദ്യമങ്ങളും നടത്തുന്നുണ്ട്. ഈ അവസരങ്ങള്‍ വളരെ പെട്ടന്ന് ഉപയോഗപ്പെടുത്താന്‍ സാധിക്കണം. മികച്ച ധനശേഷിയുള്ള കോഴിക്കോടിന്റെ പൊതുസമൂഹത്തെ ഈ നഗരത്തിന്റെ സമഗ്രവികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഐടി സേവനങ്ങള്‍ക്ക് പുറമെ ഐടി ഉത്പന്നങ്ങളിലേക്ക് ഇവിടുത്തെ വ്യവസായങ്ങള്‍ മാറുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്മാന്‍, യുഎല്‍ സൈബര്‍പാര്‍ക്ക് സിഒഒ കിഷോര്‍ കുമാര്‍, കെഎസ് യുഎം സീനിയര്‍ ടെക് ഫെലോ റോണി കെ റോയ്, കാഫിറ്റ് സ്ഥാപക പ്രസിഡന്റ് ദുലീപ് സഹദേവന്‍ എന്നിവരാണ് സെമിനാറില്‍ സംസാരിച്ചത്. സിഐഐ നോര്‍ത്ത് വൈസ് ചെയര്‍ അനില്‍ ബാലന്‍ മോഡറേറ്ററായി.
കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്മാന്‍, സെക്രട്ടറി പ്രജീഷ് കെ. കെ, ട്രഷറര്‍ നിധിന്‍ വൈസ് പ്രസിഡന്റ് കളത്തില്‍ കാര്‍ത്തിക്, ജോയിന്‍റ് സെക്രട്ടറി മുജ്തബ, ജോയിന്‍റ് ട്രഷറര്‍ ഷിയാസ് മുഹമ്മദ്, എന്നിവര്‍ക്ക് പുറമെ കോര്‍ കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ ഗഫൂര്‍ കെ. വി, ആനന്ദ് ആര്‍. കൃഷ്ണന്‍, അഖില്‍ കൃഷ്ണ, വിജിത ടി, ഫസ്ന കെ. കെ, അബ്ദുള്‍ മജീദ് പി, അജയ് എം. എ, അസ്ലം ബുഖാരി, മുഹമ്മദ് നിയാസ് സി, അര്‍ജുന്‍, അംജദ് അലി ഇ. എം തുടങ്ങിയവരും ചുമതലയേറ്റെടുത്തു.
മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നിത്യാനന്ദ കാമത്ത്, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് അബ്ദുള്ളക്കുട്ടി, ബിഎന്‍ഐ നോര്‍ത്ത് കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ എന്‍ ഷെരീഫ്, മെഹ്റൂഫ്, ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
















