തമിഴ് നടനും ഷെഫുമായ മദംപട്ടി രംഗരാജും സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജോയ് ക്രിസിൽഡയും തമ്മിലുള്ള വിവാദത്തിൽ പുതിയ വഴിത്തിരിവുകൾ. ജോയ് ക്രിസിൽഡയുമായുള്ള വിവാഹം സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ലെന്നും സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സമ്മതിച്ചതെന്നും മദംപട്ടി രംഗരാജ് പത്രപ്രസ്താവനയിലൂടെ വ്യക്തമാക്കി. വനിതാ കമ്മീഷനിൽ താൻ നൽകിയ മൊഴി ഇതല്ലെന്നും, കമ്മീഷന്റെ ശുപാർശ ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ക്രിസിൽഡയ്ക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്നും ഡിഎൻഎ ടെസ്റ്റിന് താൻ തയ്യാറാണെന്നും രംഗരാജ് ആവർത്തിച്ചു.
വനിതാ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നതുപോലെ താൻ സമ്മതം നൽകിയിട്ടില്ലെന്നും, ജോയിയെ സ്വമേധയാ വിവാഹം കഴിച്ചുവെന്ന് ഒരിക്കലും സമ്മതിച്ചിട്ടില്ലെന്നും രംഗരാജ് പത്രക്കുറിപ്പിൽ പറയുന്നു. സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിട്ട് അപകീർത്തിപ്പെടുത്തുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയതിനാലാണ് 2023-ൽ വിവാഹം നടന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. 2025 സെപ്റ്റംബറിൽ വനിതാ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് മുന്നിലും മദ്രാസ് ഹൈക്കോടതിയിലും നൽകിയ മൊഴികളിൽ ഇത് ഭീഷണിയെ തുടർന്ന് നടന്ന വിവാഹമാണെന്നും പണം തട്ടുക എന്ന ഏക ലക്ഷ്യത്തോടെയാണ് ജോയ് ഇത് ചെയ്തതെന്നും താൻ വ്യക്തമാക്കിയതായി രംഗരാജ് പറയുന്നു.
വനിതാ കമ്മീഷന് മുന്നിൽ വെച്ച് ജോയ് ക്രിസിൽഡ പ്രതിമാസം ₹1,50,000 ജീവനാംശവും ബിഎംഡബ്ല്യൂ കാറിന്റെ പ്രതിമാസ ഇഎംഐ ആയി ₹1.25 ലക്ഷം രൂപയും ആവശ്യപ്പെട്ടെങ്കിലും താൻ അത് നിഷേധിച്ചതായും രംഗരാജ് വെളിപ്പെടുത്തി. താൻ ഒരിക്കലും ഡിഎൻഎ പരിശോധന നിരസിച്ചിട്ടില്ലെന്നും, ശാസ്ത്രീയമായി ആ കുട്ടി തന്റേതാണെന്ന് തെളിയിക്കപ്പെട്ടാൽ ജീവിതകാലം മുഴുവൻ പരിപാലിക്കുമെന്നും 2025 സെപ്റ്റംബറിൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ രേഖപ്പെടുത്തിയ മൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ കമ്മീഷന്റെ ശുപാർശ ഉത്തരവിൽ പറഞ്ഞിട്ടുള്ള മൊഴി താൻ നൽകിയിട്ടില്ലെന്നും, ഈ ശുപാർശ ഉത്തരവിനെതിരെ കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രംഗരാജിന്റെ പത്രക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ, പ്രണയത്തിലായിരുന്ന സമയത്ത് രംഗരാജ് തനിക്ക് അയച്ച സ്വകാര്യ വിഡിയോ ജോയ് ക്രിസിൽഡ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു. ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഒരാളാണോ ഇതുപോലെ സ്നേഹം നിറഞ്ഞ വിഡിയോ തനിക്കയച്ചു തരുന്നതെന്ന് അവർ ചോദിക്കുന്നു. നേരത്തെ, വനിതാ കമ്മീഷന് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ, പ്രണയവും വിവാഹവും കുഞ്ഞിന്റെ പിതൃത്വവും രംഗരാജ് കമ്മീഷന് മുന്നിൽ സമ്മതിച്ചതായി ക്രിസിൽഡ ആരോപിച്ചിരുന്നു. രംഗരാജ് തന്നെ രഹസ്യമായി വിവാഹം ചെയ്ത് വഞ്ചിച്ചുവെന്നും അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം നിരവധി തവണ ഗർഭഛിദ്രങ്ങൾ നടത്തിയെന്നും ക്രിസിൽഡ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
ജോയ് ക്രിസിൽഡയുടെ പരാതിയിൽ അന്വേഷണം പൂർത്തിയാക്കിയ സംസ്ഥാന വനിതാ കമ്മീഷൻ, ചെന്നൈ പൊലീസ് കമ്മീഷണർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഡിവിഷന്റെ ഡെപ്യൂട്ടി കമ്മീഷണർക്കും ശുപാർശ കത്ത് അയച്ചിട്ടുണ്ട്. 2025 ജൂലൈയിലാണ് താൻ രംഗരാജുമായി വിവാഹിതയായ വിവരം ക്രിസിൽഡ ആദ്യമായി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. വിവാഹ ചിത്രങ്ങൾക്കൊപ്പം താൻ ആറുമാസം ഗർഭിണിയാണെന്നും അവർ അറിയിച്ചിരുന്നു. കേസിൽ കമ്മീഷന്റെ ഹിയറിങ് നടക്കുന്നതിനിടെ ക്രിസിൽഡ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ‘ജൂനിയർ മദംപട്ടി രംഗരാജ്’ എന്ന അടിക്കുറിപ്പോടെ കുഞ്ഞിന്റെ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ക്രിസിൽഡ 2018-ൽ സംവിധായകൻ ജെ.ജെ ഫ്രെഡ്രിക്കിനെയാണ് വിവാഹം ചെയ്തിരുന്നത്. രംഗരാജ് അഭിഭാഷകയായ ശ്രുതിയെയാണ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. നിയമപരമായി ഇവർ ഇപ്പോഴും വിവാഹിതരായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. വനിതാ കമ്മീഷൻ ഹിയറിങ്ങിന് രംഗരാജും ശ്രുതിയും ഒന്നിച്ച് എത്തിയത് വാർത്തയായിരുന്നു.
‘ജില്ല’, ‘വേലൈക്കാരൻ’, ‘റിച്ചി’ തുടങ്ങിയ ചിത്രങ്ങളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റാണ് ജോയ് ക്രിസിൽഡ. തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന ഷെഫും ടെലിവിഷൻ കുക്കറി ഷോയിലെ ജഡ്ജുമാണ് മദംപട്ടി രംഗരാജ്. ‘മെഹന്തി സർക്കസ്’, ‘പെൻഗ്വിൻ’ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
















