വടകര: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലുമുള്ള പരിശോധന ശക്തമാക്കി. വർക്കലയിൽ പെൺകുട്ടിയെ സഹയാത്രികൻ ആക്രമിച്ച് ട്രെയിനിൽ നിന്ന് പുറത്തേക്കുതള്ളിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) പോലീസും സംയുക്തമായി കടുത്ത പരിശോധനയ്ക്ക് തുടക്കമിട്ടത്.
വടകരയിലടക്കം സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു. യാത്രയ്ക്കിടെ മദ്യപിച്ച് സഞ്ചരിക്കുന്നവർ, നിയമലംഘനങ്ങൾ നടത്തുന്നവർ എന്നിവരോട് കർശനമായി ഇടപെടുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി.
മദ്യപിച്ച നിലയിൽ യാത്ര ചെയ്യുന്നവരെ അടുത്ത സ്റ്റേഷനിൽ ഇറക്കി അറസ്റ്റ് ചെയ്ത് കേസ് എടുക്കും എന്നും പോലീസ് വ്യക്തമാക്കി. യാത്ര മുടങ്ങാനുള്ള സാഹചര്യം ഒഴിവാക്കാൻ നിയമങ്ങൾ പാലിക്കണമെന്ന് യാത്രക്കാരോടും നിർദേശിച്ചിട്ടുണ്ട്.
വടകരയിൽ നടന്ന പരിശോധനക്ക് ആർപിഎഫ് എഎസ്ഐ പി.പി. ബിനിഷ്, ഹെഡ് കോൺസ്റ്റബിൾ എം.കെ. മകേഷ്, കോൺസ്റ്റബിൾ എം. രാജീവൻ എന്നിവർ നേതൃത്വം നൽകി. എസ്ഐ രഞ്ജിത്തിൻ്റെ നേതൃത്വത്തിലുള്ള വടകര പോലീസ് സംഘവും പരിശോധനയിൽ പങ്കെടുത്തു.
ട്രെയിനുകളിൽ സുരക്ഷാ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നിയമലംഘകരോട് കർശനമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.
















