മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കടവ് പാലം സ്ഥലമെടുപ്പിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എൽ.എ പി.ടി.എ. റഹീം അറിയിച്ചു. ഇ അഹമ്മദ് എംപിയായിരിക്കെ എം.പി. ഫണ്ടിന്റെ സഹായത്തോടെ നിർമിച്ച നേരിയ വീതിയുള്ള പഴയ പാലം ഇപ്പോൾ അപകടാവസ്ഥയിലാണ്. കൈവരികളും സൈഡ് വാളുകളും തകർന്ന നിലയിലായതിനാൽ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി നേരിടുകയാണ്.
നാട്ടുകാരുടെ നീണ്ടകാല ആവശ്യം പരിഗണിച്ചാണ് പുതിയ പാലം നിർമിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയായാൽ പ്രദേശവാസികളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുകയും അപകട സാധ്യതകൾ ഇല്ലാതാകുകയും ചെയ്യുമെന്ന് എം.എൽ.എ വ്യക്തമാക്കി.
പദ്ധതിയുടെ പ്രാരംഭ നടപടികൾ വേഗത്തിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
















