സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തിൽ എത്തുന്നു. മഹേഷ് ബാബു നായകനാകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ‘കുംഭ’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രാജമൗലി, പൃഥ്വിരാജ്, മഹേഷ് ബാബു എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഈ ആവേശകരമായ പ്രഖ്യാപനം നടത്തിയത്.
“ഞാൻ ഇന്നുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ മനസുള്ള കഥാപാത്രം” എന്നാണ് കുംഭയെക്കുറിച്ച് പൃഥ്വിരാജ് കുറിച്ചത്. പോസ്റ്റർ പങ്കുവെച്ചുകൊണ്ട് താരം തന്റെ ആവേശവും ആകാംഷയും മറച്ചുവെച്ചില്ല. നായകൻ മഹേഷ് ബാബുവിനോട് “തയ്യാറായിരിക്കൂ” എന്നും നായിക പ്രിയങ്കാ ചോപ്രയോട് “കളി തുടങ്ങി” എന്നും പൃഥ്വി പോസ്റ്റിൽ പറയുന്നുണ്ട്. തന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കാൻ അവസരം നൽകിയതിന് രാജമൗലിയോട് താരം നന്ദി പറയുകയും ചെയ്തു.
വില്ലൻ കുംഭയുടെ ഭീകരതയെക്കുറിച്ച് സംവിധായകൻ രാജമൗലിയും തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. “ഏറ്റവും ദുഷ്ടനും ക്രൂരനും കരുത്തനുമായ വില്ലൻ” എന്നാണ് അദ്ദേഹം കുംഭയെ വിശേഷിപ്പിച്ചത്. പൃഥ്വിരാജിന്റെ പ്രകടനത്തെയും രാജമൗലി വാഴ്ത്തി. “ആദ്യഷോട്ട് കഴിഞ്ഞപ്പോൾ തന്നെ പൃഥ്വിരാജിന്റെയടുത്തേക്ക് പോയി ഞാൻ പറഞ്ഞു, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് താങ്കളെന്ന്,” രാജമൗലി കൂട്ടിച്ചേർത്തു. കുംഭയ്ക്ക് ജീവൻ നൽകിയത് സർഗാത്മകമായി തനിക്ക് വലിയ സംതൃപ്തി നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒരു ദൃശ്യവിസ്മയമാകുമെന്നാണ് സൂചന.
















