കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി. ബത്തേരി പൊലീസ് തൃശൂരിൽ നിന്ന് പിടികൂടി വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സുഹാസ് (അപ്പു – 33) എന്ന പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞത്.
കോഴിക്കോട് ചേവായൂരിന് സമീപമെത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് പൊലീസ് ജീപ്പ് നിർത്തിയ സമയത്താണ് ഇയാൾ രക്ഷപ്പെട്ടത്. പ്രതിക്കായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.
നിരവധി കവർച്ചാ കേസുകളിലും അക്രമക്കേസുകളിലും പ്രതിയാണ് തൃശൂർ ചന്ദ്രാപിന്നി സ്വദേശിയായ സുഹാസ്.
ഈ മാസം നാലിന് രാത്രി പത്തു മണിയോടെ ബത്തേരി കല്ലൂരിന് സമീപം ദേശീയ പാത 766 ൽ കോഴിക്കോട് കാരാപ്പറമ്പ് സ്വദേശി സന്തോഷ്കുമാർ( 53), ഡ്രൈവർ ബാലുശ്ശേരി സ്വദേശി ജിനേഷ് (48) എന്നിവരെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതിയാണ് സുഹാസ്.
















