പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടകവീട്ടിൽ നിന്ന് 20 കോടി രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷണം പോയെന്ന പരാതിയിൽ ദുരൂഹതയേറുന്നു. ഇത് വീട് ഒഴിയാതിരിക്കാനുള്ള തന്ത്രമാണോ എന്ന് സംശയിച്ച് പോലീസ്.
വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ ഖുർആൻ, വാച്ചുകൾ ഉൾപ്പെടെ 20 കോടിയോളം രൂപയുടെ വസ്തുക്കൾ മോഷണം പോയെന്നാണ് മോൻസന്റെ അഭിഭാഷകൻ അവകാശപ്പെടുന്നത്.
വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും മാർച്ച് മുതൽ ഒഴിഞ്ഞുപോകാത്ത സാഹചര്യത്തിൽ, ഇത് വാടകവീട് ഒഴിയാതിരിക്കാനുള്ള പ്രതിയുടെ തന്ത്രമാണോ എന്ന് പോലീസ് സംശയിക്കുന്നു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എടുക്കാൻ മോൻസണ് കോടതി അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് പരോളിലുള്ള പ്രതി വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞതെന്ന് പറയുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷവും മോൻസൺ ഇതേ വീട്ടിൽ നിന്ന് മോഷണം നടന്നതായി പരാതി നൽകിയിരുന്നു.
നിലവിൽ കൊച്ചിയിലെ ഈ വീട് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. സിസിടിവി തകർത്ത മോഷ്ടാക്കൾ രണ്ടാഴ്ചയ്ക്കുള്ളിലാണ് മോഷണം നടത്തിയതെന്നാണ് പരാതിയിലെ സൂചന.
















